സാങ്കേതിക മികവ് ആവശ്യപ്പെടുന്ന നാടിന്റെ സ്വപ്‌ന പദ്ധതികളായിരുന്നു വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍. ഇന്ന് കേരളം മുഴുവന്‍ ഉറ്റുനോക്കുന്ന വന്‍കിട പദ്ധതികളായ വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങളുടെ കരാറുകള്‍ ഏറ്റെടുത്ത് സമയബന്ധിതമായി പൂര്‍ത്തിയാക്കി മൂവാറ്റുപുഴക്കാര്‍ക്ക് അഭിമാനമായിരിക്കുകയാണ് സാബു ചെറിയാന്‍ മടേയ്ക്കലും രാജു ചാക്കോ ആടുകുഴിയിലും. മൂവാറ്റുപുഴ സ്വദേശികളായ ഇരുവരും നേതൃത്വം നല്‍കുന്ന കരാര്‍ കമ്പനികളാണ് നാടിന്റെ സ്വപ്‌ന പദ്ധതിക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത്. സാബു ചെറിയാന്‍ മടേയ്ക്കല്‍ നേതൃത്വം നല്‍കുന്ന മേരി മാതാ ഇന്‍ഫ്രാസ്ട്രക്‌ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡും രാജു ചാക്കോ ആടുകുഴിയില്‍ നേതൃത്വം നല്‍കുന്ന രാഹുല്‍ കണ്‍സ്ട്രക്ഷന്‍സുമാണ് ഈ നിര്‍മ്മാണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. ഇരുവരും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ജീവകാരുണ്യ പ്രവര്‍ത്തനത്തലും സജീവ സാന്നിധ്യമാണ്.
കഠിനപ്രയത്‌നവും സ്ഥിരോത്സാഹവും സാമ്പത്തിക പിന്‍ബലവും ഒത്തു ചേരുമ്പോള്‍ ഭാഗ്യം സ്വാഭാവികമായി ഒപ്പം കൂടും. ഇതോടൊപ്പം പ്രൊഫഷണലിസം കൂടി ചേരുമ്പോഴേ മികവിന്റെ ഉദാഹരണങ്ങളായ പ്രവര്‍ത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനാവൂ. ഇക്കാര്യങ്ങളില്‍ വിട്ടുവീഴ്ചയില്ലാതെ കഠിന പ്രയത്‌നത്തിലൂടെയും ആത്മാര്‍ത്ഥത നിറഞ്ഞ പ്രവര്‍ത്തനത്തിലും മുഖമുദ്ര രേഖപ്പെടുത്തിയാണ് സാബു ചെറിയാന്‍ മടേയ്ക്കല്‍ നേതൃത്വം നല്‍കുന്ന മേരി മാതാ ഇന്‍ഫ്രാസ്ട്രക്‌ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡും രാജു ചാക്കോ ആടുകുഴിയില്‍ നേതൃത്വം നല്‍കുന്ന രാഹുല്‍ കണ്‍സ്ട്രക്ഷന്‍സിന്റെയും പ്രവര്‍ത്തനം. കൂട്ടത്തില്‍ ഇവരുടെ മികവിന്റെ ഉദാഹരണങ്ങളായ പ്രൊഫഷണലിസം കൂടി ചേരുമ്പോള്‍ പ്രവര്‍ത്തന മേഖലയില്‍ വന്‍ മുന്നേറ്റത്തിനും കൃത്യതയാര്‍ന്ന പ്രവര്‍ത്തനത്തിനും സാധിക്കും.
നിര്‍മ്മാണ മേഖലയിലെ വൈദഗ്ധ്യം കൊണ്ട് മുന്‍പന്തിയില്‍ നില്‍ക്കുന്ന നിരവധി നിര്‍മ്മാണ കമ്പനികള്‍ നമ്മുടെ നാട്ടിലുണ്ട്. ഈ രംഗത്തെ പ്രഗത്ഭരുടെ ഒരു നീണ്ട നിര തന്നെയുണ്ട്. എന്നാല്‍ ഇവരുടെ കൂട്ടത്തില്‍ ഈ മൂവാറ്റുപുഴ സ്വദേശികളുടെ കരാര്‍ കമ്പനികള്‍ വ്യത്യസ്ഥമാകുന്നത് കഠിന പ്രയത്‌നവും ആത്മാര്‍ത്ഥയും നിറഞ്ഞ പ്രവര്‍ത്തനമാണ്.
2018 ജൂണ്‍ 5നാണ് കുണ്ടന്നൂര്‍ മേല്‍പ്പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ഗിരി കണ്‍സള്‍ട്ടന്‍സി രൂപകല്‍പ്പന ചെയ്ത പാലത്തിന്റെ കരാര്‍ സാബു ചെറിയാന്‍ മടേയ്ക്കല്‍ നേതൃത്വം നല്‍കുന്ന മേരിമാതാ കണ്‍സ്ട്രക്ഷന്‍സാണ് നേടിയത്. 720 മീറ്റര്‍ നീളമുള്ള ആറുവരിപ്പാതയ്ക്ക് 32 തൂണുകളും 32 പിയര്‍ ക്യാപ്പുകളും 120 ഗാര്‍ഡറുകളുമാണുള്ളത്. 82.74 കോടി രൂപയുടെ എസ്റ്റിമേറ്റ് 74.45 കോടി രൂപയ്ക്ക് നിര്‍മാണം പൂര്‍ത്തിയാക്കി.
2017 ഡിസംബര്‍ 11നാണ് വൈറ്റില മേല്‍പ്പാലത്തിന്റെ നിര്‍മ്മാണം ആരംഭിച്ചത്. നാഗേഷ് കണ്‍സള്‍ട്ടന്‍സി രൂപകല്‍പന ചെയ്ത പാലത്തിന്റെ കരാര്‍ ശ്രീധന്യ കണ്‍സ്ട്രക്ഷന്‍സിനാണ്. ശ്രീധന്യ കണ്‍സ്ട്രക്ഷന്‍സിന്റെ ഉപകരാറാണ് രാജു ചാക്കോ ആടുകുഴിയില്‍ നേതൃത്വം നല്‍കുന്ന രാഹുല്‍ കണ്‍സഷന്‍സ് നേടിയത്. 720 മീറ്റര്‍ നീളമുള്ള ഈ ആറുവരി മേല്‍പ്പാലത്തിന് 34 തൂണുകളും, 34 പിയര്‍ ക്യാപ്പുകളും, 116 പ്രീ-സ്ട്രെസ് ഗര്‍ഡറുകളുമാണുള്ളത്. 85.9 കോടി രൂപയുടെ എസ്റ്റിമേറ്റ് 78.36 കോടി രൂപയ്ക്ക് നിര്‍മ്മാണം പൂര്‍ത്തിയാക്കി.
കൊച്ചി നഗരത്തിലെ ഗതാഗതക്കുരുക്ക് അഴിക്കുന്നതിന് വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ മുഖ്യമന്ത്രി ഇന്നലെ നാടിന് സമര്‍പ്പിച്ചു. രാവിലെ 9.30-ന് വൈറ്റില മേല്‍പ്പാലവും 11 മണിക്ക് കുണ്ടന്നൂര്‍ മേല്‍പ്പാലവും ഓണ്‍ലൈനായി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. മന്ത്രിമാരായ ജി സുധാകരനും തോമസ് ഐസക്കും പാലത്തിലൂടെ ആദ്യ യാത്ര നടത്തി.
സംസ്ഥാനത്തെ ഏറ്റവും വലിയ ജംഗ്ഷനാണ് വൈറ്റില. ആലപ്പുഴയില്‍ നിന്നും കോട്ടയത്ത് നിന്നും അടക്കം എറണാകുളം ജില്ലയിലേക്ക് കടക്കുന്ന വാഹനങ്ങളില്‍ ഭൂരിഭാഗവും കുണ്ടന്നൂരിന്റെയും വൈറ്റിലയുടെയും ഗതാഗതക്കുരുക്കില്‍ പെടുക പതിവാണ്. അതേസമയം പാലം തുറന്നതോടെ ദേശീയപാതയിലൂടെ ആലപ്പുഴ ഭാഗത്ത് നിന്നും ഇടപ്പള്ളി ഭാഗത്ത് നിന്നും വന്ന് നേരെ കടന്നുപോകേണ്ട വാഹനങ്ങള്‍ മേല്‍പ്പാലത്തിലൂടെ കടന്നുപോകും. വൈറ്റിലയില്‍ നിന്ന് തിരിഞ്ഞുപോകേണ്ട വാഹനങ്ങള്‍ മേല്‍പാലത്തിന്റെ ഇരുവശങ്ങളിലൂടെയും വേണം ജംഗ്ഷനിലേക്കെത്താന്‍. ഈ വാഹനങ്ങള്‍ ഒരു കാരണവശാലും മേല്‍പ്പാലത്തില്‍ കയറരുത് എന്നത് കൊണ്ട് ഇടത്തേക്ക് ബോര്‍ഡുമുണ്ട്. മേല്‍പ്പാലം പണി തുടങ്ങിയ വഴിതിരിച്ചുവിട്ട ഗതാഗത പരിഷ്‌കാരങ്ങള്‍ ഒഴിവാകുമെന്നതും വലിയ ആശ്വാസമാകും.
ദേശീയപാതയുടെ ഭാഗമായി വരുന്ന മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണം സംസ്ഥാന സര്‍ക്കാര്‍ കിഫ്ബി ഫണ്ടുപയോഗിച്ചാണ് പൂര്‍ത്തീകരിച്ചത്. പാലങ്ങള്‍ തുറന്നതോടെ കേരളത്തിന്റെ വാണിജ്യ തലസ്ഥാനമായ കൊച്ചി നഗരത്തിലെ വലിയ ഗതാഗതക്കുരുക്കിനാണ് പരിഹാരമാവുക.