വിക്രമിനെ നായകനാക്കി ആര്‍ അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന ‘കോബ്ര’യുടെ ടീസര്‍ പുറത്തിറങ്ങി. വിക്രം നിരവധി ഗെറ്റപ്പുകളില്‍ എത്തുന്ന ചിത്രമെന്ന വിശേഷണം നേരത്തെ കോബ്രയ്ക്ക് വാര്‍ത്താ പ്രാധാന്യം നല്‍കിയിരുന്നു. ആക്ഷന്‍ ത്രില്ലര്‍ ചിത്രമായ കോബ്രയില്‍ ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താനാണ് പ്രതിനായക വേഷത്തിലെത്തുന്നത്. ഇര്‍ഫാന്റെ സിനിമാ അരങ്ങേറ്റമാണ് കോബ്ര.
ഗണിത ശാസ്ത്ര വിദഗ്ധനായാണ് ചിത്രത്തില്‍ വിക്രം എത്തുക. പാവപ്പെട്ട കുട്ടികള്‍ക്ക് കണക്ക് പഠിപ്പിച്ചു കൊടുക്കുന്ന അധ്യാപകനായ ഇദ്ദേഹം വിവിധ രാജ്യങ്ങള്‍ തേടുന്ന കുറ്റവാളി കൂടിയാണ് എന്നതാണ് ചിത്രത്തിന്റെ പ്ലോട്ട്. ശ്രീനിധി ഷെട്ടിയാണ് ചിത്രത്തിലെ നായിക. കെ എസ് രവികുമാര്‍, ആനന്ദ്‌രാജ്, റോബോ ശങ്കര്‍, റോഷന്‍ മാത്യു, മിയ ജോര്‍ജ്, മൃണാളിനീ രവി, മീനാക്ഷി ഗോവിന്ദ്‌രാജന്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.
എ ആര്‍ റഹ്മാനാണ് ചിത്രത്തിനു സംഗീതം ഒരുക്കുക. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ എസ് എസ് ലളിത് കുമാര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഹരീഷ് കണ്ണന്‍ ആണ്. എഡിറ്റിംഗ് ഭുവന്‍ ശ്രീനിവാസന്‍. ആക്ഷന്‍ കൊറിയോഗ്രഫി ദിലീപ് സുബ്ബരായന്‍. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി ചിത്രം റീലിസ് ചെയ്യും.