പാലാരിവട്ടം പാലത്തിനുപിന്നാലെ യുഡിഎഫ് സര്‍ക്കാര്‍ നിര്‍മിച്ച പാപ്പിനിശേരി റെയില്‍വേ മേല്‍പ്പാലത്തിലും ഗുരുതര ക്രമക്കേട്. വിജിലന്‍സ് അന്വേഷണത്തിന്റെ ഭാഗമായി വിദഗ്ധ സമിതിയുടെ പരിശോധനയിലാണ് വിള്ളല്‍ കണ്ടെത്തിയത്. പാലാരിവട്ടം പാലം നിര്‍മിച്ച ആര്‍ഡിഎസ് പ്രോജക്ട് പ്രൈവറ്റ് ലിമിറ്റഡാണ് ഇതിന്റെയും കരാറുകാര്‍. ഇതോടെ പാലാരിവട്ടം പാലം കേസിലെ പ്രതികളെല്ലാം വീണ്ടും ത്രിശങ്കുവിലായി.
2013 ജൂണ്‍ ഒന്നിനാണ് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മേല്‍പ്പാല നിര്‍മാണം ഉദ്ഘാടനം ചെയ്തത്. കരാര്‍ പ്രകാരം 2015 ഏപ്രിലില്‍ പൂര്‍ത്തിയാക്കേണ്ടതായിരുന്നുവെങ്കിലും എല്‍ഡിഎഫ് സര്‍ക്കാരാണ് 2017ല്‍ നിര്‍മാണം പൂര്‍ത്തീകരിച്ച് പാലം തുറന്നുകൊടുത്തത്. ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങള്‍ക്കകം ബീമുകളില്‍ വിള്ളല്‍ പ്രത്യക്ഷപ്പെട്ടു. ഭാരവാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ അസാധാരണ ശബ്ദവും വിറയലും. കോണ്‍ക്രീറ്റ് പൊട്ടി റോഡില്‍ കുഴികളും രൂപപ്പെട്ടു. ടി വി രാജേഷ് എംഎല്‍എ നിയമസഭയില്‍ ഉന്നയിച്ചതിനെതുടര്‍ന്ന് മന്ത്രി ജി സുധാകരന്റെ നിര്‍ദേശപ്രകാരം പൊതുമരാമത്ത് ഉദ്യോഗസ്ഥരും കമ്പനി പ്രതിനിധികളും പരിശോധിച്ചു. പിന്നീടാണ് വിജിലന്‍സില്‍ പരാതിയെത്തിയത്.
വിജിലന്‍സ് ഡയറക്ടറുടെ നിര്‍ദേശ പ്രകാരം പൊതുമരാമത്ത് (ബ്രിഡ്ജസ്) അസി. എക്സിക്യൂട്ടീവ് എന്‍ജിനിയര്‍, വിജിലന്‍സ് വകുപ്പ് സിവില്‍ എന്‍ജിനിയര്‍, കണ്ണൂര്‍ ഗവ. എന്‍ജിനിയറിങ് കോളേജ് സിവില്‍ എന്‍ജിനിയറിങ് വകുപ്പ് മേധാവി, പൊതുമരാമത്ത് വകുപ്പ് ക്വാളിറ്റി കണ്‍ട്രോള്‍ വിഭാഗം ഉദ്യോഗസ്ഥര്‍, വിജിലന്‍സ് ഡിവൈഎസ്പി ബാബു പെരിങ്ങേത്ത്, ഇന്‍സ്പെക്ടര്‍ ടി പി സുമേഷ് എന്നിവര്‍ പാലം പരിശോധിച്ചു. രാവിലെ 9.30ന് ആരംഭിച്ച പരിശോധന 2.30 വരെ തുടര്‍ന്നു. പാലത്തിന്റെ സാമ്പിള്‍ ലാബിലേക്ക് അയച്ചു. ഫലം ലഭിച്ചശേഷമേ അപാകം കൃത്യമായി പറയാനാകൂവെന്ന് ഡിവൈഎസ്പി പറഞ്ഞു. ആവശ്യമെങ്കില്‍ ഐഐടിയില്‍നിന്നുള്ള വിദഗ്ധരെ കൊണ്ടുവരും.
പാപ്പിനിശേരി പിലാത്തറ കെഎസ്ടിപി റോഡില്‍ പാപ്പിനിശേരി, താവം മേല്‍പ്പാലങ്ങളും രാമപുരം പാലവും 21 കിലോമീറ്റര്‍ റോഡും ഉള്‍പ്പെട്ട ഒറ്റ പ്രവൃത്തി 120 കോടി രൂപയ്ക്കാണ് ആര്‍ഡിഎസിന് ലഭിച്ചത്. 620 മീറ്റര്‍ നീളമുള്ള പാപ്പിനിശേരി പാലത്തിന് 40 കോടിയോളം രൂപ ചെലവ് കണക്കാക്കുന്നു. 26 സ്പാനും 23 സ്ലാബുമുണ്ട്. ആകെ വീതി 8.5 മീറ്റര്‍. കൈവരികളും നടപ്പാതയും കഴിഞ്ഞ് 7.5 മീറ്റര്‍ വീതിയുണ്ട്. പാലത്തിന്റെ രൂപരേഖ തയാറാക്കിയതും 60 ശതമാനം പ്രവൃത്തി നടന്നതും യുഡിഎഫ് ഭരണകാലത്താണ്.