മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനിലയില്‍ കൂടുതല്‍ പുരോഗതി. തലച്ചോറിലേക്കുള്ള രക്തയോട്ടം മെച്ചപ്പെട്ടു. ദ്രാവക രൂപത്തിലുള്ള ഭക്ഷണം സ്വീകരിക്കുന്നുണ്ട്. ആരോഗ്യ പുരോഗതി വിലയിരുത്താന്‍ മെഡിക്കല്‍ ബോര്‍ഡ് ഇന്ന് വീണ്ടും ചേരും. വെന്റിലേറ്റര്‍ മാറ്റുന്ന കാര്യത്തിലും ഇന്ന് തീരുമാനമുണ്ടാകും.
ഇന്നലെ തന്നെ സുരേഷ് മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും തലച്ചോര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഡോക്ടേഴ്സ് വ്യക്തമാക്കിയിരുന്നു. ജനുവരി 31ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് വാവ സുരേഷ് കോട്ടയം കുറിച്ചിയില്‍ എത്തിയത്. കരിങ്കല്‍ കെട്ടിനിടയില്‍ മൂര്‍ഖന്‍ പാമ്പിനെ രാവിലെ മുതല്‍ കണ്ടുവെങ്കിലും നാട്ടുകാര്‍ക്ക് പിടികൂടാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്നാണ് വാവ സുരേഷിനെ വിവരമറിയിച്ചത്. വാവ സുരേഷെത്തി പാമ്പിനെ പിടികൂടി ചാക്കിലാക്കുന്നതിനിടെയാണ് പാമ്പിന്റെ കടിയേല്‍ക്കുന്നത്. കാല്‍ മുട്ടിന് മുകളിലായാണ് പാമ്പ് കടിയേറ്റത്. തുടര്‍ന്ന് സുരേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നില ഗുരുതരമായതിനെ തുടര്‍ന്ന് വാവ സുരേഷിനെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.
വാവ സുരേഷിനെ കടിച്ചത് മൂര്‍ഖന്‍ പാമ്പ് തന്നെയാണ് ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചു. ആശുപത്രിയിലെത്തിയ ഉടന്‍ തന്നെ ആന്റി വെനം നല്‍കിയിരുന്നു.
ഇത് ആദ്യമായല്ല പാമ്പ് കടിയേറ്റതിനെ തുടര്‍ന്ന് വാവ സുരേഷിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. 2013 ലും 2020 ലും സമാനമായ സാഹചര്യത്തില്‍ അതീവ ഗുരുതരാവസ്ഥയില്‍ വാവ സുരേഷിനെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.