പെരുമ്പാവൂര്‍: കൂവപ്പടി ഗ്രാമപഞ്ചായത്തിലെ പ്രധാന റോഡായ വല്ലം പാണംകുഴി റോഡില്‍ ടൈല്‍ വിരിക്കുന്ന പ്രവൃത്തി ആരംഭിച്ചതായി എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ അറിയിച്ചു. 200 മീറ്റര്‍ നീളത്തില്‍ 6 മീറ്റര്‍ വീതിയിലുമാണ് ടൈല്‍ വിരിക്കുന്നത്. നെടുമ്പാറ അംഗണവാടിയുടെ സമീപമാണ് ടൈല്‍ വിരിക്കുന്ന പ്രവൃത്തി നടക്കുന്നത്. ഇവിടെ സ്ഥിരമായി വെള്ളക്കെട്ട് ഉണ്ടാകാറുണ്ട്. ഈ മാസം അവസാനത്തോടെ റോഡ് ടാര്‍ ചെയ്യുന്ന പ്രവൃത്തി ആരംഭിക്കുമെന്ന് എം.എല്‍.എ പറഞ്ഞു. എത്രയും വേഗത്തില്‍ തന്നെ റോഡ് നിര്‍മാണം പൂര്‍ത്തിയാക്കും.
1200 മീറ്റര്‍ ദൂരത്തിലാണ് പദ്ധതിയുടെ ഭാഗമായി കാന നിര്‍മ്മിക്കുന്നത്. ഇതില്‍ 800 മീറ്റര്‍ പൂര്‍ത്തിയായതായി എംഎല്‍എ പറഞ്ഞു. കാനയുടെ നിര്‍മ്മാണം പൂര്‍ത്തികരിക്കുന്നതിന് മരങ്ങള്‍ വെട്ടി മാറ്റുന്നതിനുള്ള നടപടിക്രമങ്ങള്‍ക്ക് ജില്ല മരം സമിതി ചേര്‍ന്ന് അംഗീകാരം നല്കി. മരങ്ങള്‍ മുറിച്ചു മാറ്റിയതിന് ശേഷം ഈ ഭാഗങ്ങളിലെ കാനയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കും. കെ.എസ്.ഇ.ബി വൈദ്യുതി പോസ്റ്റുകള്‍ മാറ്റുന്നതിന് അധികൃതര്‍ക്ക് എം.എല്‍.എ നിര്‍ദ്ദേശം നല്കി. കുടിവെള്ള പൈപ്പുകള്‍ മാറ്റുന്ന പ്രവൃത്തിയും ഉടന്‍ തന്നെ ആരംഭിക്കും.
കുറിച്ചിലക്കോട് മുതല്‍ വേങ്ങൂര്‍ ഗ്രാമ പഞ്ചായത്തിലെ പാണംകുഴി വരെയുള്ള 6.200 കിലോമീറ്റര്‍ ദൂരമാണ് റോഡ് നവീകരിക്കുന്നത്. വെള്ളക്കെട്ട് ഉള്ള ഭാഗങ്ങളില്‍ ടൈല്‍ വിരിച്ചും കലുങ്കുകളും കാനയും നിര്‍മ്മിച്ചു റോഡ് മികച്ച നിലവരത്തിലാക്കും. 5.5 മീറ്റര്‍ വീതിയിലാണ് റോഡ് ടാര്‍ ചെയ്യുന്നത്. ചില ഭാഗങ്ങളില്‍ 6 മീറ്റര്‍ വീതിയുണ്ടാകും.
7 കലുങ്കുകളും നിര്‍മ്മിക്കുന്നതിന് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതില്‍ 5 കലുങ്കുകളുടെയും നിര്‍മ്മാണം പകുതി പൂര്‍ത്തീകരിച്ചു. 21 ദിവസത്തെ ക്യൂറിംഗ് പിരീഡ് പൂര്‍ത്തിയാകുന്ന മുറക്ക് ബാക്കി ജോലികള്‍ കൂടി പൂര്‍ത്തിയാക്കും. ബാക്കിയുള്ള രണ്ട് കലുങ്കുകളുടെ ജോലികള്‍ ശനിയാഴ്ച മുതല്‍ ആരംഭിക്കും.
മണ്ഡലത്തിലെ ഏറ്റവും ദുര്‍ഘടം നിറഞ്ഞ വഴികളില്‍ ഒന്നാണ് വല്ലം പാണംകുഴി റോഡ്. കഴിഞ്ഞ പ്രളയകാലത്ത് കോടനാട് മുതല്‍ കുറിച്ചിലക്കോട് വരെയുള്ള ഭാഗം വെള്ളത്തിനടിയില്‍ ആയിരുന്നു. ടൂറിസം കേന്ദ്രങ്ങളായ കോടനാട്, പാണിയേലിപ്പോര് എന്നിവയിലേക്കുള്ള പാത എന്ന നിലയില്‍ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് വല്ലം പാണംകുഴി റോഡ്.
ബ്ലോക്ക് പഞ്ചായത്ത് അംഗം അനു അബീഷ്, മുന്‍ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ എം.പി പ്രകാശ്, സുമേഷ് കുമാര്‍, ബെന്നി പീറ്റര്‍ എന്നിവര്‍ എം.എല്‍.എയോടൊപ്പം പദ്ധതി പ്രദേശം സന്ദര്‍ശിച്ചു.