കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ കേരളം അടക്കം മൂന്നു സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ദ്ധന്‍. പ്രതിരോധ നടപടികള്‍ക്ക് വീഴ്ച്ച പാടില്ലെന്ന് ആരോഗ്യമന്ത്രി നിര്‍ദേശിച്ചു. രാജ്യത്ത് വൈകാതെ വാക്‌സിന്‍ വിതരണം ആരംഭിക്കും. മൂന്നാംഘട്ട ഡ്രൈ റണിനും രാജ്യം സജ്ജമായി.
കഴിഞ്ഞ ദിവസങ്ങളില്‍ പ്രതിദിന കൊവിഡ് കേസുകള്‍ വര്‍ധിച്ച കേരളം, മഹാരാഷ്ട്ര, ചത്തീസ്ഗഡ് സംസ്ഥാനങ്ങള്‍ പോരായ്മകള്‍ ഉടന്‍ പരിഹരിക്കണം. കൂടാതെ, പ്രതിരോധ നടപടികള്‍ ശക്തമാക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രി നിര്‍ദേശിച്ചു.
അതേസമയം, വാക്‌സിന്‍ വിതരണ നടപടികള്‍ക്ക് മുന്നോടിയായി വീഡിയോ കോണ്‍ഫറന്‍സ് വഴി ഹര്‍ഷവര്‍ധന്‍ സംസ്ഥാന ആരോഗ്യ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി. വാക്‌സിന്‍ വിതരണത്തിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വിതരണത്തിനുള്ള മുന്‍ഗണനാ പട്ടിക തയ്യാറാക്കി. തടസങ്ങളില്ലാതെ എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കുമെന്നും ഹര്‍ഷവര്‍ധന്‍ പറഞ്ഞു.
പൂനെയിലെ സെന്‍ട്രല്‍ ഹബ്ബില്‍ നിന്ന്, രാജ്യത്തെ 41 കേന്ദ്രങ്ങളിലേക്ക് വ്യോമമാര്‍ഗം വാക്‌സിന്‍ വിതരണം വൈകാതെ ആരംഭിക്കും. വിതരണത്തിന് മുന്നോടിയായി ഹരിയാന, ഉത്തര്‍പ്രദേശ്, അരുണാചല്‍ പ്രദേശ് ഒഴികെയുള്ള മറ്റ് സംസ്ഥാനങ്ങളിലെ ജില്ലാകേന്ദ്രങ്ങളിലും, കേന്ദ്രഭരണ പ്രദേശങ്ങളിലും നാളെ ഡ്രൈ റണ്‍ നടക്കും. ഡിജിറ്റല്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള നാളെത്തെ ഡ്രൈ റണ്‍, വാക്‌സിന്‍ വിതരണം എത്രത്തോളം ഫലപ്രദമായി നടത്താന്‍ സാധിക്കും എന്നായിരിക്കും പരിശോധിക്കുക.