ഇന്ത്യയുടെ കോവിഡ് വാക്സിന്‍ ഉത്പാദന ശേഷി ലോകത്തിലെ ഏറ്റവും മികച്ചതെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടെറസ്. ആഗോള വാക്സിനേഷന്‍ പ്രചാരണത്തില്‍ ഇന്ത്യയ്ക്ക് വലിയ പങ്കുവഹിക്കാനുണ്ടെന്നും ഗുട്ടെറസ് കൂട്ടിച്ചേര്‍ത്തു. അയല്‍ രാജ്യങ്ങള്‍ക്ക് 55 ലക്ഷം ഡോസ് വാക്സിനുകള്‍ ഇന്ത്യ കൈമാറിയ പശ്ചാത്തലത്തിലാണ് യുഎന്‍ മേധാവിയുടെ പ്രതികരണം.
‘വാക്സിനുകളുടെ വന്‍ തോതിലുള്ള ഉത്പാദനം ഇന്ത്യയില്‍ നടക്കുന്നുണ്ടെന്ന് എനിക്കറിയാം. ആഗോള വാക്സിന്‍ പ്രചാരണം യാഥാര്‍ഥ്യമാക്കുന്നതിന് ആവശ്യമായ എല്ലാം ഇന്ത്യയിലുണ്ടാകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ഇന്ത്യയുടെ വാക്സിന്‍ ഉല്പാദനശേഷിയാണ് ഇന്ന് ലോകത്തിന്റെ ഏറ്റവും മികച്ച സ്വത്ത്. അത് പൂര്‍ണമായി ഉപയോഗിക്കണമെന്ന് ലോകം മനസ്സിലാക്കുമെന്ന് കരുതുന്നു’
ആന്റോണിയോ ഗുട്ടെറസ്/ യുഎന്‍ സെക്രട്ടറി ജനറല്‍ ഒരു കോടി പത്തു ലക്ഷം വാക്സിനുകള്‍ ആഫ്രിക്കന്‍ രാഷ്ട്രങ്ങളിലേക്കും പത്തു ലക്ഷം യുഎന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൈമാറുമെന്ന് കഴിഞ്ഞ ദിവസം വിദേശകാര്യമന്ത്രാലയ വക്താവ് വ്യക്തമാക്കിയിരുന്നു.
ഭൂട്ടാനിലേക്ക് ഒന്നര ലക്ഷവും മാലിദ്വീപ്, മൗറീഷ്യസ്, ബഹ്റൈന്‍ എന്നിവിടങ്ങളിലേക്ക് ഒരു ലക്ഷം വാക്സിനുകളുമാണ് കയറ്റുമതി ചെയ്തിട്ടുള്ളത്. നേപ്പാളിലേക്ക് പത്തു ലക്ഷവും ബംഗ്ലാദേശിലേക്ക് ഇരുപത് ലക്ഷം ഡോസുകളും കൈമാറി. സൗദി, ദക്ഷിണാഫ്രിക്ക, കാനഡ, മംഗോളിയ, ഒമാന്‍ തുടങ്ങിയ രാഷ്ട്രങ്ങളിലേക്ക് ഇന്ത്യ വാക്സിന്‍ കയറ്റുമതി ചെയ്യുന്നുണ്ട്.