യുഡിഎഫ് പ്രകടന പത്രികയുടെ സൂചകങ്ങള്‍ പുറത്തുവിട്ടു. പീപ്പിള്‍സ് മാനിഫെസ്റ്റോ 2021ന്റെ കരട് രൂപമാണ് പുറത്ത് വിട്ടത്. ബില്ല് രഹിത ആശുപത്രി, കുറഞ്ഞ വേതനം എല്ലാവര്‍ക്കും ഉറപ്പുവരുത്തുന്ന ന്യായ് പദ്ധതി തുടങ്ങി എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളിച്ച് ‘സംശുദ്ധം സദ്ഭരണം’ എന്ന മുദ്രാവാക്യത്തോടെയാണ് യുഡിഎഫ് പ്രകടന പത്രിക. സമൂഹത്തിലെ നാനാ തുറകളിലുള്ളവരുമായി സംവദിച്ച ശേഷമാകും പ്രകടന പത്രികയുടെ പൂര്‍ണ രൂപം പുറത്തുവിടുക.
യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ന്യായ് പദ്ധതി നടപ്പാക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സംസ്ഥാനത്തെ പാവപ്പെട്ട കുടുംബങ്ങളുടെ അക്കൗണ്ടില്‍ പ്രതിമാസം 6000 രൂപ ഉറപ്പാക്കും. ഒരുമ, കരുതല്‍, വികസനം എന്നിവയ്ക്ക് മുന്‍ഗണന നല്‍കും. സൗജന്യചികില്‍സയ്ക്കായി കൂടുതല്‍ ആശുപത്രികള്‍ കൊണ്ടുവരും. പ്രകടനപത്രികയിലേക്ക് പൊതുജനങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ ഇമെയില്‍ വഴി സ്വീകരിക്കും.
അതിനിടെ അധികാരത്തില്‍ വന്നാല്‍ ലൈഫ് മിഷന്‍ പിരിച്ചുവിടുമെന്ന യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്റെ പ്രസ്താവന തിരുത്തി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്തെത്തി. തദ്ദേശ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ടതോടെയാണ് ഹസന്റെ പ്രസ്താവനയെ തള്ളി മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്തെത്തിയത്. തൊട്ടുപിന്നാലെ പ്രസ്താവന വളച്ചൊടിക്കപ്പെട്ടതാണെന്നും പദ്ധതി അഴിമതി രഹിതമാക്കുമെന്നാണ് ഉദ്ദേശിച്ചതെന്നും വിശദീകരിച്ച് എംഎം ഹസന്റെ പ്രതികരണവും വന്നു.