വിടവാങ്ങല്‍ സന്ദേശവുമായി മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പുതിയ സര്‍ക്കാരിനായി പ്രാര്‍ത്ഥിക്കുന്നു എന്നും അവര്‍ക്ക് ആശംസകള്‍ അര്‍പ്പിക്കുന്നു എന്നും ട്രംപ് പറഞ്ഞു. വിഡിയോ സന്ദേശത്തിലൂടെയാണ് ട്രംപ് ജോ ബൈഡന്‍ സര്‍ക്കാരിന് ആശംസ അര്‍പ്പിച്ചത്. അതേസമയം അമേരിക്കയുടെ പുതിയ പ്രസിഡന്റ് ജോ ബൈഡനെ പേരെടുത്ത് പരാമര്‍ശിക്കാതെയാണ് ട്രംപിന്റെ വിടവാങ്ങല്‍ സന്ദേശം.
”പുതിയ സര്‍ക്കാരിന്റെ വിജയത്തിനായും, അമേരിക്കയെ സുരക്ഷിതമായും അഭിവൃദ്ധിയിലും സൂക്ഷിക്കാന്‍ അവര്‍ക്ക് കഴിയുന്നതിനു വേണ്ടിയും പ്രാര്‍ത്ഥിക്കുന്നു. അവര്‍ക്ക് ആശംസകളും ഭാഗ്യവും നേരുന്നു. ഭാഗ്യം എന്നത് വളരെ നിര്‍ണയകമായ ഒരു പദമാണ്.”- ട്രംപ് പറഞ്ഞു.
അമേരിക്കയുടെ 46ാം പ്രസിഡന്റായാണ് ജോ ബൈഡന്‍ ഇന്ന് അധികാരമേല്‍ക്കുക. സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി കനത്ത സുരക്ഷയാണ് വാഷിംഗ്ടണില്‍ ഒരുക്കിയിട്ടുള്ളത്. വാഷിംഗ്ടണിലെത്തിയ ജോ ബൈഡന്‍ ആദ്യം സന്ദര്‍ശിച്ചത് ലിങ്കണ്‍ മെമ്മോറിയലായിരുന്നു. ചില സമയങ്ങള്‍ ഓര്‍ത്തെടുക്കാന്‍ ബുദ്ധിമുട്ടാണ്. എന്നാല്‍ ഒരു രാജ്യമെന്ന നിലയില്‍ നമ്മള്‍ ഒരുമിച്ച് മുറിവുകള്‍ ഉണക്കുമെന്നും അദ്ദേഹം പറഞ്ഞു. ജോ ബൈഡന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ഡൊണാള്‍ഡ് ട്രംപ് പങ്കെടുക്കില്ല.