തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് നല്‍കുന്ന കരാര്‍ യാഥാര്‍ത്ഥ്യമായി. എയര്‍പോര്‍ട്ട് അതോറിറ്റിയും അദാനി എയര്‍പോര്‍ട്ട് കമ്പനിയും തമ്മിലാണ് കരാറില്‍ ഒപ്പിട്ടത്. ജയ്പൂര്‍, ഗുവാഹത്തി വിമാനത്താവളത്തിന്റെ കൈമാറ്റ കരാര്‍ നടപടികളും ഇന്ന് പൂര്‍ത്തികരിച്ചു. മൂന്ന് മാസത്തിനുള്ളില്‍ കരാര്‍ പൂര്‍ണമായി പ്രാബല്യത്തിലാകും.
ഇനിയുള്ള മൂന്ന് മാസത്തിനുള്ളില്‍ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി എയര്‍പോര്‍ട്ട് ഗ്രൂപ്പ് പൂര്‍ണമായി ഏറ്റെടുക്കും. അന്‍പത് വര്‍ഷത്തേയ്ക്കുള്ള എയര്‍പോര്‍ട്ടിന്റെ നടത്തിപ്പ് അധികാരമാകും ഇതോടെ അദാനി ഗ്രൂപ്പിന് സ്വന്തമാകുക. ഇന്ന് ഡല്‍ഹിയിലെ എയര്‍പോര്‍ട്ട് അതോറിറ്റിയുടെ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കൈമാറ്റ നടപടിയുമായി ബന്ധപ്പെട്ട കരാര്‍ നടപടികള്‍ ഇരു വിഭാഗവും പൂര്‍ത്തീകരിച്ചു.
അദാനി എയര്‍പോര്‍ട്ട് ഗ്രൂപ്പിന് വേണ്ടി സി.ഇ.ഒ ബഹ്നാന്ദ് സാന്‍ടിയും എയര്‍പോര്‍ട്ട് അതോറിറ്റിക്ക് വേണ്ടി എന്‍.വി. സുബ്ബറായിഡുവുമാണ് കരാറില്‍ മഷിപുരട്ടിയത്. നടത്തിപ്പ് ചുമതല, ഓപ്പറേഷന്‍സ്, വികസനം എന്നിവയെല്ലാമാകും തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇനി അദാനി എയര്‍പോര്‍ട്ട്സ് ലിമിറ്റഡ് നിര്‍വഹിക്കുക.
തിരുവനന്തപുരം വിമാനത്താവളത്തിന്റെ സ്വകാര്യ വത്കരണത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ഇപ്പോള്‍ സുപ്രിം കോടതിയുടെ പരിഗണനയിലാണ്. വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറാനുള്ള തീരുമാനം ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി കേരള ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു.