മൂന്നാം ടെസ്റ്റിനിടെ സ്റ്റീവ് സ്മിത്ത് പിച്ചില്‍ കൃത്രിമം കാണിക്കാന്‍ ശ്രമിച്ചു എന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ഓസീസ് ക്യാപ്റ്റന്‍ ടിം പെയ്ന്‍. കളിക്കിടെ ഷാഡോ ബാറ്റ് ചെയ്യുന്നതും മറ്റും സ്മിത്തിന്റെ പതിവാണെന്നും അതാണ് അവിടെ സംഭവിച്ചതെന്നും പെയ്ന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മൂന്നാം ടെസ്റ്റിനു ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു പെയ്ന്‍ ഇക്കാര്യം വിശദീകരിച്ചത്.
”ഞാന്‍ ഇതേപ്പറ്റി സ്മിത്തിനോട് സംസാരിച്ചു. ഇത് ഇങ്ങനെയൊക്കെ ആയതില്‍ അദ്ദേഹം വളരെ നിരാശനാണ്. സ്മിത്ത് ടെസ്റ്റ് കളിക്കുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടെങ്കില്‍, ഒരു ദിവസം അഞ്ചോ ആറോ തവണ അദ്ദേഹം ചെയ്യുന്നതേ ഇവിടെയും ചെയ്തിട്ടുള്ളൂ. ബാറ്റിംഗ് ക്രീസില്‍ നിന്ന് ഷാഡോ പ്രാക്ടീസ് ചെയ്യുന്നതൊക്കെ അദ്ദേഹത്തിന്റെ പതിവാണ്. ഒരു ഇടംകയ്യന്‍ ബാറ്റ്‌സ്മാനായി അദ്ദേഹം ചില ഷോട്ടുകള്‍ കളിക്കുന്നത് നിങ്ങള്‍ ഇന്നലെ കണ്ടിട്ടുണ്ടാവും. ലിയോണ്‍ പന്തെവിടെ പിച്ച് ചെയ്യിക്കണമെന്ന് നോക്കാനായിരുന്നു അത്. സെന്റര്‍ മാര്‍ക്ക് ആണ് സ്മിത്ത് ചെയ്യാറ്. ഗാര്‍ഡ് മാറ്റാനല്ല അദ്ദേഹം ശ്രമിച്ചത്. പക്ഷേ, ഇങ്ങനെ ചില നിഗമനങ്ങള്‍ ഉണ്ടാവുന്നതിനാല്‍ ആ പതിവ് മാറ്റാന്‍ സ്മിത്ത് ശ്രമിക്കേണ്ടതാണ്.”- പെയ്ന്‍ പറഞ്ഞു.
മൂന്നാം ടെസ്റ്റില്‍ ഇന്ത്യ ജയത്തിനു തുല്യമായ സമനില പിടിച്ചിരുന്നു. ഓസ്‌ട്രേലിയ മുന്നോട്ടുവച്ച 407 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തില്‍ 334 റണ്‍സെടുത്താണ് കളി സമനിലയാക്കിയത്.