ഇളവുകള്‍ ലഭിക്കാതെ സിനിമാ പ്രദര്‍ശനം തുടങ്ങേണ്ട എന്ന ഫിലിം ചേംബര്‍ നിലപാടിനൊപ്പം തിയറ്റര്‍ ഉടമകളും. ആവശ്യങ്ങള്‍ സര്‍ക്കാര്‍ അനുഭാവപൂര്‍വം പരിഗണിച്ചില്ലെങ്കില്‍ തിയറ്റര്‍ തുറക്കണ്ട എന്നാണ് ഫിയോകിന്റെ തീരുമാനം. നാളെ മുഖ്യമന്ത്രി പിണറായി വിജയനുമായി സിനിമാ സംഘടനകള്‍ വീണ്ടും ചര്‍ച്ച നടത്തും.
ജനുവരി 5ന് തീയറ്ററുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ഇളവുകളുടെ കാര്യത്തില്‍ തീരുമാനം ഇല്ലാതെ പ്രദര്‍ശനം തുടങ്ങേണ്ടത് ഫിലിം ചേംബര്‍ തീരുമാനിച്ചു. 13-ാം തിയതി തമിഴ് ചിത്രമായ വിജയ്‌യുടെ മാസ്റ്റേഴ്സിനായി തിയറ്റര്‍ തുറക്കേണ്ടന്നാണ് നിര്‍ദേശമെന്ന് ഫിയോക് പ്രസിഡന്റ് ആന്റണി പെരുമ്പാവൂര്‍.
വിതരണക്കാര്‍ക്കും നിര്‍മാതാക്കള്‍ക്കും നല്‍കാനുള്ള കുടിശികയ്ക്ക് സാവകാശം ലഭിച്ചിട്ടുണ്ടെന്നാണ് തിയറ്റര്‍ ഉടമകള്‍ പറയുന്നത്. നാളെ നടക്കുന്ന ചര്‍ച്ചയില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് തിയറ്റര്‍ ഉടമകളുടെ പ്രതീക്ഷ. തിയറ്ററുകള്‍ അടഞ്ഞുകിടന്ന സമയത്തെ വൈദ്യുതി ഫിക്സഡ് ചാര്‍ജ് ഒഴിവാക്കുക, വിനോദ നികുതി പിന്‍വലിക്കുക, ചലച്ചിത്ര മേഖലയ്ക്ക് പ്രത്യേക പാക്കേജ് എന്നിവയാണ് സിനിമ സംഘടനകളുടെ ആവശ്യം.