ചില താരങ്ങള്‍ ബയോ ബബിള്‍ നിബന്ധനകള്‍ ലംഘിച്ചെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ ആശ്വാസമായി ഇന്ത്യന്‍ താരങ്ങളുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്. സിഡ്‌നിയില്‍ നടക്കുന്ന മൂന്നാം ടെസ്റ്റിനു മുന്നോടിയായി നടത്തിയ പരിശോധനയിലാണ് ഇന്ത്യന്‍ താരങ്ങളുടെ കൊവിഡ് പരിശോധനാഫലം നെഗറ്റീവായത്.
അതേസമയം, ബയോ ബബിള്‍ നിബന്ധനകള്‍ ലംഘിച്ചോ എന്ന സംശയത്തിലാണെങ്കിലും രോഹിത് ശര്‍മ്മ അടക്കമുള്ള മൂന്ന് താരങ്ങള്‍ ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റ് കളിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. അന്വേഷണം നടക്കുന്ന അഞ്ച് താരങ്ങളും മറ്റ് ടീം അംഗങ്ങള്‍ക്കൊപ്പം സിഡ്‌നിയില്‍ എത്തിയിട്ടുണ്ട്. മറ്റ് താരങ്ങളില്‍ നിന്ന് സാമൂഹിക അകലം പാലിച്ചായിരുന്നു യാത്രയെങ്കിലും ടീമിനൊപ്പം തന്നെയാണ് താരങ്ങള്‍ തുടരുന്നത്.
രോഹിത് ശര്‍മ്മ, ശുഭ്മന്‍ ഗില്‍, റിഷഭ് പന്ത്, നവദീപ് സെയ്‌നി ശ്രേയാസ് അയ്യര്‍ എന്നീ ഇന്ത്യന്‍ താരങ്ങള്‍ റെസ്റ്റോറന്റില്‍ പോയി ഭക്ഷണം കഴിച്ചതും ആരാധകനുമായി ഇടപഴകിയതുമാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്. സംഭവത്തില്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയയും ബിസിസിഐയും അന്വേഷണം നടത്തുന്നുണ്ട്. താരങ്ങള്‍ നിബന്ധനകള്‍ ലംഘിച്ചില്ലെന്ന് ബിസിസിഐ പറയുന്നു. അതേസമയം, അഞ്ച് താരങ്ങളെയും പ്രത്യേകം ഐസൊലേറ്റ് ചെയ്തിരിക്കുകയാണ്.