സയ്യിദ് മുഷ്താഖ് ട്രോഫിയില്‍ കേരളത്തിന് ഇന്ന് അവസാന ഗ്രൂപ്പ് മത്സരം. ഗ്രൂപ്പ് ഇയില്‍ ഹരിയാനക്കെതിരെ വാംഖഡെ സ്റ്റേഡിയത്തിലാണ് കേരളത്തിന്റെ ഇന്നത്തെ പോരാട്ടം. ഇന്നത്തെ മത്സരത്തില്‍ വിജയിച്ചാല്‍ കേരളത്തിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ സാധ്യത വര്‍ധിക്കും. ആദ്യ മൂന്ന് മത്സരങ്ങളും വിജയിച്ച കേരളം കഴിഞ്ഞ മത്സരത്തില്‍ ആന്ധ്രക്കെതിരെ പരാജയപ്പെട്ടിരുന്നു. അതേസമയം, കളിച്ച നാലു മത്സരങ്ങളിലും വിജയിച്ച ഹരിയാന മികച്ച ഫോമിലാണ്.
മികച്ച ടീം വര്‍ക്കിലൂടെയാണ് ഹരിയാന ഗ്രൂപ്പ് ഇയില്‍ ഇതുവരെ കളിച്ചത്. ഹിമാന്‍ഷു റാണ, മോഹിത് ശര്‍മ്മ, രാഹുല്‍ തെവാട്ടിയ, ജയന്ത് യാദവ്, യുസ്വേന്ദ്ര ചഹാല്‍ എന്നിവരടങ്ങിയ കോര്‍ ഗ്രൂപ്പിനൊപ്പം മറ്റ് താരങ്ങളും മികച്ച കളി കെട്ടഴിക്കുന്നുണ്ട്. ഗ്രൂപ്പ് ഇയില്‍ ഒന്നാമതുള്ള ഹരിയാനയ്ക്ക് രണ്ടാം സ്ഥാനത്തുള്ള കേരളത്തെക്കാള്‍ മികച്ച റണ്‍ നിരക്കുമുണ്ട്.
മുഹമ്മദ് അസ്ഹറുദ്ദീന്‍, ജലജ് സക്‌സേന, മുഹമ്മദ് ആസിഫ്, എസ് ശ്രീശാന്ത്, റോബിന്‍ ഉത്തപ്പ, സച്ചിന്‍ ബേബി തുടങ്ങിയ താരങ്ങളാണ് ഇതുവരെ കേരളത്തിനു വേണ്ടി നിര്‍ണായക സംഭാവനകള്‍ നല്‍കിയത്. മൂന്നാം നമ്പറില്‍ ഇറങ്ങുന്ന സഞ്ജുവിന്റെ പ്രകടനം ഇന്നത്തെ മത്സരത്തില്‍ നിര്‍ണായകമാവും. മികച്ച റണ്‍ നിരക്കോടെ വിജയിച്ച് ഗ്രൂപ്പില്‍ ഒന്നാമതെത്തിയാല്‍ കേരളത്തിന് നേരിട്ട് ക്വാര്‍ട്ടറില്‍ പ്രവേശിക്കാം.