ശരീരഭാഗങ്ങള്‍ പരസ്പരം ചേരാതെ പെണ്‍കുട്ടിയുടെ മാറിടത്തില്‍ സ്പര്‍ശിയ്ക്കുന്നത് പോക്‌സോ പ്രകാരം ലൈംഗിക പീഡന കുറ്റമല്ല എന്ന ബോബെ ഹൈക്കോടതിയുടെ ഉത്തരവിന് സ്റ്റേ. കേന്ദ്രസര്‍ക്കാരിനെ പ്രത്യേകാനുമതി ഹര്‍ജ്ജി ഫയല്‍ ചെയ്യാന്‍ അനുവദിച്ചാണ് സുപ്രിം കോടതിയുടെ നടപടി. പന്ത്രണ്ട് വയസുകാരിയെ പീഡിപ്പിച്ച മുപ്പത്തിയൊന്നുകാരനെ മൂന്നു വര്‍ഷം ശിക്ഷിച്ച സെഷന്‍സ് കോടതി വിധി റദ്ദാക്കിക്കൊണ്ടാണ് ബോബെ ഹൈക്കോടതി പുറപ്പെടുവിച്ച് വിധിയും സുപ്രിം കോടതി സ്റ്റേ ചെയ്തു.
ജനുവരി 19നാണ് ബോംബെ ഹൈക്കോടതി വിവാദമായ ഉത്തരവ് പുറപ്പെടുവിച്ചത്. പ്രായപൂര്‍ത്തിയാവാത്ത ഒരു പെണ്‍കുട്ടിയുടെ നെഞ്ചില്‍ പിടിക്കുന്നത് ഉടുപ്പഴിച്ചിട്ടോ ഉടുപ്പിനിടയിലൂടെയോ അല്ലെങ്കില്‍ ലൈംഗികാതിക്രമത്തില്‍ പെടുത്താനാവില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. പോക്‌സോ നിലനില്‍ക്കണമെങ്കില്‍ ലൈംഗികാസക്തിയോടെ പ്രായപൂര്‍ത്തിയാവാത്ത കുട്ടിയുടെ രഹസ്യ ഭാഗങ്ങളില്‍ തൊടുകയോ കുട്ടിയെ തങ്ങളുടെ രഹസ്യ ഭാഗങ്ങളില്‍ തൊടുവിക്കുകയോ വേണം. പോക്‌സോ രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ തൊലിയും തൊലിയുമായി ബന്ധം ഉണ്ടാവണം എന്ന് കോടതി പറഞ്ഞു. പെണ്‍കുട്ടിയെ അന്തസിനു കളങ്കം വരുത്തിയതിനു മാത്രമേ കേസെടുക്കാന്‍ കഴിയൂ എന്ന് കോടതി നിരീക്ഷിച്ചു.
2018ല്‍ പേരയ്ക്ക തരാമെന്ന വ്യാജേന പ്രതി ചേര്‍ക്കപ്പെട്ടയാള്‍ പെണ്‍കുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തുകയായിരുന്നു എന്നാണ് പരാതി. തുടര്‍ന്ന് ഇയാള്‍ക്കെതിരെ കേസെടുത്തു. ശിക്ഷയില്‍ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് പ്രതി ചേര്‍ക്കപ്പെട്ടയാള്‍ അപ്പീല്‍ നല്‍കിയിരുന്നു. ഇതിന്റെ വിധിയിലായിരുന്നു കോടതിയുടെ നിരീക്ഷണം.