കാര്‍ഷിക നിയമങ്ങള്‍ സ്റ്റേ ചെയ്യുമെന്ന് വാക്കാല്‍ സൂചന നല്‍കി സുപ്രീംകോടതി. നിയമം വിശദമായി പരിശോധിക്കാന്‍ സമിതിയെ നിയോഗിക്കും. സമിതി പരിശോധിക്കുന്നത് വരെ സ്റ്റേ ചെയ്യുമെന്ന് ചീഫ് ജസ്റ്റിസ് എസ് ഐ ബോബ്‌ഡെ ആവര്‍ത്തിച്ചു. നിയമം സ്റ്റേ ചെയ്യാന്‍ കോടതിക്ക് അധികാരമില്ലെന്ന് വിധികളുണ്ടെന്ന് അറ്റോര്‍ണി ജനറല്‍ വാദിച്ചു. കര്‍ഷക സമരം കൈകാര്യം ചെയ്തതില്‍ കേന്ദ്രത്തിനെ രൂക്ഷമായി തന്നെ സുപ്രീംകോടതി വിമര്‍ശിച്ചു. സര്‍ക്കാരിന്റെ നടപടികള്‍ നിരാശപ്പെടുത്തുന്നതാണ്. കാര്‍ഷിക നിയമങ്ങളുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കവെയാണ് സുപ്രിംകോടതി കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചത്.
കാര്‍ഷിക നിയമം ഈ രീതിയില്‍ നടപ്പാക്കണമോയെന്ന് ചോദിച്ച കോടതി നിരവധി സംസ്ഥാനങ്ങള്‍ നിയമത്തിനെതിരെ എതിര്‍പ്പ് അറിയിച്ചതായി ഓര്‍മിപ്പിച്ചു. കര്‍ഷകരുടെ ആശങ്ക പരിഹരിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കാമെന്ന നിര്‍ദേശം കോടതി ആവര്‍ത്തിച്ചു. കര്‍ഷകരുമായി ചര്‍ച്ച തുടരുകയാണെന്നും എല്ലാ കര്‍ഷകരും നിയമത്തിന് എതിരല്ലെന്നുമായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ മറുപടി.
സര്‍ക്കാര്‍ ചര്‍ച്ചകള്‍ നടക്കുന്നതായി ആവര്‍ത്തിക്കുന്നു, എന്ത് ചര്‍ച്ചയാണ് നടക്കുന്നത്. നിയമം കൊണ്ടുവരുന്നതിന് മുന്‍പ് എന്ത് കൂടിയാലോചന നടത്തിയെന്ന് കോടതി ചോദിച്ചു. കുറച്ചെങ്കിലും ഉത്തരവാദിത്തമുണ്ടായിരുന്നെങ്കില്‍ നിയമം മരവിപ്പിക്കണമായിരുന്നുവെന്നും കോടതി വ്യക്തമാക്കി.
സ്റ്റേ ചെയ്യുകയാണെങ്കില്‍ പ്രതിഷേധം അവസാനിപ്പിക്കാന്‍ ഉത്തരവിടണമെന്ന് കേന്ദ്രം.സാധ്യമല്ലെന്ന് ചീഫ് ജസ്റ്റിസ്, എല്ലാം ഒരു ഉത്തരവിലൂടെ നടപ്പാക്കാനാവില്ലെന്നും കോടതി. അതേസമയം, ട്രാക്ടര്‍ മാര്‍ച്ച് നടത്തില്ലെന്ന് കര്‍ഷകര്‍. കര്‍ഷകര്‍ക്കുവേണ്ടി ദുഷ്യന്ത് ദവെ വിവരം കോടതിയെ അറിയിച്ചു.