വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഫ്ളാറ്റിന്റെ ബല പരിശോധന തുടങ്ങി. തൂണുകളുടെ ബലം, കോണ്‍ക്രീറ്റിന്റെ ഗുണ നിലവാരം എന്നിവയാണ് പരിശോധിക്കുന്നത്. പദ്ധതിയുടെ പേരില്‍ 4.48 കോടിരൂപ കൈക്കൂലി നല്‍കിയെന്നു യൂണിടാക് എംഡി സന്തോഷ് ഈപ്പന്‍ സമ്മതിച്ചതോടെയാണ് കെട്ടിടങ്ങളുടെ ഗുണനിലവാരം പരിശോധിക്കാന്‍ വിജിലന്‍സ് തീരുമാനിച്ചത്. ഗുണനിലവാരത്തില്‍ വിട്ടുവീഴ്ച ചെയ്താണ് കമ്മിഷന്‍ നല്‍കിയതെന്നാണ് വിജിലന്‍സ് സംശയിക്കുന്നത്.
പാലാരിവട്ടം പാലത്തിലെ ബല പരിശോധനയുടെ അതേമാതൃകയില്‍ തന്നെയാണ് വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ ഫ്ളാറ്റ് സമുച്ചയങ്ങളിലും ബലപരിശോധന നടത്തുന്നത്. തൂണുകളുടെ ബലം പരിശോധിക്കുന്നതിനായി ഒന്നിടവിട്ട തൂണുകളിലായിരുന്നു ഹാമര്‍ ടെസ്റ്റ് നടത്തിയത്. ഫ്ളാറ്റിലെ 20 സ്ഥലങ്ങളില്‍ നിന്നു കോണ്‍ക്രീറ്റ് സ്ലാബുകള്‍ ശേഖരിച്ചു. ഇവ തൃശൂര്‍ എന്‍ജിനിയറിംഗ് കോളജില്‍ നിന്നും കോര്‍ ടെസ്റ്റ് നടത്തിയ ശേഷമായിരിക്കും അന്തിമ റിപ്പോര്‍ട്ട് തയാറാക്കുക.
ക്വാളിറ്റി കണ്‍ട്രോള്‍ വിഭാഗം മേധാവി എം.സുമയുടെ നേതൃത്വത്തില്‍ തൃശൂര്‍ എന്‍ജിനിയറിംഗ് കോളജിലെ വിദഗ്ധര്‍, പിഡബ്ല്യുഡി ബില്‍ഡിംഗ് എക്സിക്യൂട്ടിവ് എന്‍ജിനീയര്‍. ലൈഫ് മിഷന്‍ പദ്ധതി എന്‍ജിനിയര്‍മാര്‍ എന്നിവരടങ്ങുന്ന സംഘമാണ് ബലപരിശോധനയ്ക്കെത്തിയത്.