കോവിഡ്-19 മഹാമാരിയില്‍ അനിശ്ചിതത്തിലായ മലയാള സിനിമയെ കരകയറ്റാന്‍ ഇളവുകള്‍ പ്രഖ്യാപിച്ച മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് ശ്രീകുമാരന്‍ തമ്പി. മൂന്നു മാസത്തേക്ക് വിനോദ നികുതി പൂര്‍ണ്ണമായി ഒഴിവാക്കിയും തീയേറ്ററുകള്‍ക്ക് വൈദ്യുതി വിഷയത്തില്‍ ആനുകൂല്യങ്ങള്‍ നല്‍കുകയും ചെയ്ത അദേഹം സിനിമാ വ്യവസായികളെയും പരോക്ഷമായി സിനിമ ജീവിതോപാധിയാക്കിയ ആയിരക്കണക്കിലുള്ള തൊഴിലാളികളെയും ആശ്വസിപ്പിച്ചിരിക്കയാണ്. കേരളം ഭരിച്ചിട്ടുള്ള ഒരു മുഖ്യമന്ത്രിയും ഇത്രയും വിട്ടുവീഴ്ച ഇന്നുവരെ മലയാള സിനിമയോടു കാണിച്ചിട്ടില്ല. ഈ സഹായം മലയാള സിനിമയ്ക്ക് പുതുജീവന്‍ നല്‍കുമെന്ന കാര്യത്തില്‍ സംശയമില്ലെന്ന് ശ്രീകുമാരന്‍ തമ്പി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
കോവിഡ്-19 ന്റെ ആക്രമണത്തില്‍ ഇരുട്ടിന്റെ ആഴങ്ങളില്‍ വീണുപോയ മലയാള സിനിമയെ. കരകയറ്റാന്‍ ഉദാരമായ ഇളവുകള്‍ പ്രഖ്യാപിച്ച ആദരണീയനായ മുഖ്യമന്ത്രിക്ക് എന്റെ അഭിവാദ്യങ്ങള്‍. മൂന്നു മാസത്തേക്ക് വിനോദനികുതി പൂര്‍ണ്ണമായി ഒഴിവാക്കിയും തീയേറ്ററുകള്‍ക്ക് വൈദ്യുതി വിഷയത്തില്‍ ആനുകൂല്യങ്ങള്‍ നല്‍കിയും അദ്ദേഹം പ്രത്യക്ഷത്തില്‍ സിനിമാ വ്യവസായികളെയും പരോക്ഷമായി സിനിമ ജീവിതോപാധിയാക്കിയ ആയിരക്കണക്കിലുള്ള തൊഴിലാളികളെയും ആശ്വസിപ്പിച്ചിരിക്കയാണ്.. ഞാന്‍ മലയാള സിനിമയില്‍ പ്രവേശിച്ചിട്ട് അമ്പതിനാല് സംവത്സരങ്ങള്‍ കഴിഞ്ഞിരിക്കുന്നു. പതിനഞ്ചു വര്‍ഷക്കാലം സൗത്ത് ഇന്ത്യന്‍ ഫിലിം ചെയ്മ്പര്‍ ഓഫ് കൊമേഴ്സിന്റെ ഭരണ സമിതിയിലെ അംഗമായും മലയാള ചലച്ചിത്ര പരിഷത്തിന്റെയും മലയാളം ഫിലിം പ്രൊഡ്യൂസഴ്‌സ് അസ്സോസിയേഷന്റയും വൈസ് പ്രസിഡന്റ് എന്ന നിലയിലും പ്രവര്‍ത്തിച്ചിട്ടുള്ള എനിക്ക് ഒരു കാര്യം ഉറപ്പിച്ചു പറയാന്‍ കഴിയും.
കേരളം ഭരിച്ചിട്ടുള്ള ഒരു മുഖ്യമന്ത്രിയും ഇത്രയും വിട്ടുവീഴ്ച ഇന്നുവരെ മലയാള സിനിമയോടു കാണിച്ചിട്ടില്ല. ഈ സഹായം മലയാള സിനിമയ്ക്ക് പുതുജീവന്‍ നല്‍കുമെന്ന കാര്യത്തില്‍ സംശയമില്ല.
ലാഭനഷ്ടങ്ങള്‍ നോക്കാതെ സിനിമയെ എന്നും നെഞ്ചിലേറ്റി ജീവിച്ച ഒരു ചലച്ചിത്ര പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ബഹുമാനപ്പെട്ട മുഖ്യമന്ത്രി സഖാവ് പിണറായി വിജയന് ഞാന്‍ നന്ദി പറയുന്നു.