പെരുമ്പാവൂര്‍: മണ്ഡലത്തിലെ വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസായി നവീകരിക്കുന്നതിന് അനുമതി തേടി എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ റവന്യു വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന് കത്ത് നല്‍കി. മണ്ഡലത്തിലെ 5 വില്ലേജുകള്‍ നവീകരിക്കുന്നതിനുള്ള പട്ടികയാണ് എം.എല്‍.എ നല്‍കിയത്. അറക്കപ്പടി, പെരുമ്പാവൂര്‍, രായമംഗലം, വേങ്ങൂര്‍, കൊമ്പനാട് എന്നി വില്ലേജ് ഓഫീസുകളാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ചു വേഗത്തില്‍ സേവനം നല്‍കാനാണ് സ്മാര്‍ട്ട് വില്ലേജ് ഓഫിസുകളായി നവീകരിക്കുന്നത്. 1200 ചതുരശ്രയടി വിസ്തീര്‍ണമുള്ള കെട്ടിടമാണ് പദ്ധതി പ്രകാരം നിര്‍മിക്കുന്നത്. സര്‍ക്കാര്‍ അനുവദിക്കുന്നതില്‍ നിന്നും അധികമായി തുക ആവശ്യമായി വരികയാണെങ്കില്‍ എം.എല്‍.എ ഫണ്ട് വിഹിതമായി നല്‍കുമെന്നും എല്‍ദോസ് കുന്നപ്പിള്ളി അറിയിച്ചു.
സ്മാര്‍ട്ട് വില്ലേജ് ഓഫിസുകളില്‍ എത്തുന്നവര്‍ക്ക് കാത്തിരിക്കാന്‍ ഇരിപ്പിടങ്ങളും ഫോം പൂരിപ്പിക്കുന്നതിനു ബാങ്ക് മാതൃകയിലുള്ള സംവിധാനവും ശുദ്ധജലവും ഒരുക്കും. ജീവനക്കാര്‍ക്കു ഹാഫ് കാബിന്‍ അടക്കമുള്ള സംവിധാനങ്ങള്‍ ഉണ്ടാവും. കംപ്യൂട്ടര്‍ ഉപയോഗിക്കാന്‍ അറിയാത്തവര്‍ക്ക് സഹായത്തിനായി ഫ്രണ്ട് ഓഫീസ് സംവിധാനം ഒരുക്കും. ടോക്കണ്‍ എടുക്കുന്നതിനുള്ള സൗകര്യങ്ങളും, നമ്പര്‍ പ്രദര്‍ശിപ്പിക്കുന്ന ഇലക്ട്രോണിക് ബോര്‍ഡും ഓഫിസില്‍ സ്ഥാപിക്കും.
സ്ത്രീകള്‍ക്കും മുതിര്‍ന്നവര്‍ക്കും വികലാംഗര്‍ക്കും വിശ്രമമുറികള്‍ ഒരുക്കുന്നതിനും പദ്ധതി തയ്യാറാക്കുന്നുണ്ട്. ഏഴ് ഉദ്യോഗസ്ഥര്‍ക്ക് ഒരേസമയം തന്നെ ജോലി ചെയ്യുന്നതിനുള്ള ഫ്രണ്ട് ഓഫീസ് സൗകര്യം സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ പ്രത്യേകതയാണ്. ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും പ്രത്യേകം ശുചിമുറികള്‍, ഫയലുകള്‍ സൂക്ഷിക്കാന്‍ അടച്ചുറപ്പുള്ള ഡോക്യുമെന്റ് റൂം, വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ മനോഹാരിതക്ക് മറ്റു കൂട്ടുന്ന പൂന്തോട്ടം എന്നിവ ഉള്‍പ്പെടുത്തിയാണ് വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ട് ആകുന്നത്.