തിരുവനന്തപുരം ലോ കോളജിലെ സംഘര്‍ഷത്തില്‍ കെഎസ്‌യു വനിതാ നേതാവിനെ നിലത്തു കൂടി വലിച്ചിഴച്ചതിന് പിന്നാലെ എസ്എഫ്‌ഐയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് യുവനേതാവ് ഷാഫി പറമ്പില്‍. നവോത്ഥാനവും സ്ത്രീപക്ഷ കേരളവും എസ്എഫ്‌ഐക്കാര്‍ വകയെന്നാണ് വിമര്‍ശനം.
കെ എസ് യു വനിതാ നേതാവിനെ വലിച്ചിഴച്ച് ആള്‍ക്കൂട്ട മര്‍ദ്ദനമാണ് നടന്നത്. ഇതിന് പിന്നാലെ രാത്രി ഹോസ്റ്റലില്‍ കയറി നിരവധി കെ എസ് യു പ്രവര്‍ത്തകരെ എസ്എഫ്‌ഐ ഗുണ്ടകള്‍ മര്‍ദ്ദിച്ചു. പൊലീസിന്റെ കണ്മുന്നില്‍ അക്രമത്തിന് നേതൃത്വം കൊടുത്ത ഗുണ്ടകള്‍ ഒരു ഇന്നോവയില്‍ മധ്യപിച്ച് റോന്ത് ചുറ്റുന്നുണ്ടായിരുന്നെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞതായി ഷാഫി ഫേസബുക്ക് കുറിപ്പില്‍ പറയുന്നു.
ഇന്നലെ രാത്രി എട്ടുമണിയോടെയായിരുന്നു ലോ കോളേജില്‍ സംഘര്‍ഷമുണ്ടായത്. യൂണിയന്‍ ഉദ്ഘാടനത്തിനിടെയുണ്ടായ വാക് തര്‍ക്കം പിന്നീട് കയ്യാങ്കളിയിലേക്ക് എത്തുകയായിരുന്നു. നേരത്തെ കോളജ് യൂണിയന്‍ തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിന്റെ തുടര്‍ച്ചയായാണ് അക്രമ സംഭവമുണ്ടായത്.
ഷാഫി പറമ്പിലിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
നവോത്ഥാനവും സ്ത്രീപക്ഷ കേരളവും SFI ക്കാര്‍ വക. തിരുവനന്തപുരം ലോ കോളേജിലെ KSU യൂണിറ്റ് പ്രസിഡന്റ് സഫ്‌നയെ വലിച്ചിഴച്ച് ക്രൂരമായ ആള്‍ക്കൂട്ട മര്‍ദ്ദനം നടത്തി. രാത്രി ഹോസ്റ്റലുകള്‍ കയറി നിരവധി കെ എസ് യു പ്രവര്‍ത്തകരെയാണ് sfi ഗുണ്ടകള്‍ മര്‍ദ്ദിച്ചത്.പൊലീസിന്റെ കണ്മുന്നില്‍ അക്രമത്തിന് നേതൃത്വം കൊടുത്ത ഗുണ്ടകള്‍ ഒരു ഇന്നോവയില്‍ മദ്ദ്യപിച്ച് റോന്ത് ചുറ്റുന്നുണ്ടായിരുന്നെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.
ലോ കോളജിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികളുടെ പരാതിയില്‍ 8 പേര്‍ക്ക് എതിരെ കൂടി പൊലീസ് കേസ് എടുത്തിട്ടുണ്ട്. ഇവര്‍ എട്ടുപേരും എസ്എഫ്‌ഐ പ്രവര്‍ത്തകരാണ്. എസ്.എഫ്.ഐ പ്രവര്‍ത്തകരെ മര്‍ദിച്ചു എന്ന പരാതിയില്‍ കെ.എസ്.യു പ്രവര്‍ത്തകര്‍ക്ക് എതിരെയും കേസ് എടുത്തിരുന്നു.അക്രമിച്ചതിനും വീട്ടില്‍ കയറി ഭീഷണിപ്പെടുത്തിയതിനുമാണ് പുതിയതായി കേസ് എടുത്തിരിക്കുന്നത്. അക്രമിക്കപെട്ട കെ.എസ്.യു നേതാവ് സഫീനയുടെ മൊഴിയെടുത്തു. സഫീനയെ അക്രമിച്ചതിനു കേസ് നേരത്തെ എടുത്തിട്ടുണ്ട്. സംഭവത്തില്‍ കെഎസ് യൂ യൂണിറ്റ് പ്രസിഡണ്ടായ സഫ്‌ന അടക്കം രണ്ടുപേര്‍ക്കാണ് പരിക്കേറ്റത്.