മുഖ്യമന്ത്രി പിണറായി വിജയന്റെ പരിപാടിയില്‍ പങ്കെടുക്കാന്‍ പോയ സമസ്ത സെക്രട്ടറിയെ വിലക്കിയ സംഭവത്തില്‍ എസ്വൈഎസ് നേതാവിനെതിരെ അച്ചടക്ക നടപടി. മലയമ്മ അബൂബക്കര്‍ ഫൈസിയെ സമസ്തയുടെ മുഴുവന്‍ ഭാരവാഹിത്തങ്ങളില്‍ നിന്നും നീക്കി. അബൂബക്കര്‍ ഫൈസിയുടെ ഭാഗത്ത് നിന്ന് സംഘടനാവിരുദ്ധമായ പ്രവര്ത്തനമുണ്ടായെന്ന് മലപ്പുറത്ത് ചേര്‍ന്ന സമസ്ത അന്വേഷണ സമിതി വിലയിരുത്തിയതിനേതുടര്ന്നാണ് നടപടി. വിവാദയവിഷയങ്ങളില് സമസ്ത മുശാവറ ചുമതലപ്പെടുത്തിയ അന്വേഷണസമിതി അംഗങ്ങള്‍ക്ക് പുറമേ മുസ്ലീം ലീഗ് അദ്ധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങള്‍, മുശാവറ അംഗം ഉമര്‍ ഫൈസി മുക്കം എന്നിവരും യോഗത്തില്‍ പങ്കെടുത്തിരുന്നു.
മുഖ്യമന്ത്രിയുടെ കേരള പര്യടനത്തിന്റെ ഭാഗമായി മലപ്പുറത്ത് നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ച്ചയില്‍ പങ്കെടുക്കാന്‍ പുറപ്പെട്ട സമസ്ത ജനറല്‍ സെക്രട്ടറി ആലിക്കുട്ടി പകുതിവഴിയില്‍ യാത്ര ഉപേക്ഷിച്ച് തിരികെ പോയെന്ന റിപ്പോര്‍ട്ടുകള്‍ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. സമസ്തയുടെ യുവജന വിഭാഗത്തിന്റെ ഇടപെടലിനെ തുടര്‍ന്നായിരുന്നു ഇതെന്നും മുസ്ലീം ലീഗാണ് ഇതിന് പിന്നിലെന്നും വാര്‍ത്തകളുണ്ടായി.
ലീഗ് നേതാവും സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് അംഗവുമായ എം സി മായിന്‍ ഹാജി മുശാവറ അംഗമായ ഉമര്‍ ഫൈസിക്ക് എതിരെ യോഗം വിളിച്ചെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ വിഷയം കൂടി പരിശോധിക്കാനാണ് മുശാവറ അന്വേഷണ സമിതിയെ നിയോഗിച്ചത്. എം സി മായീന്‍ ഹാജിയേയും യോഗത്തിലേക്ക് വിളിപ്പിച്ചിരുന്നു. ഇരുകൂട്ടരില്‍ നിന്നും മൊഴിയെടുത്ത ശേഷമാണ് സമിതിയുടെ അച്ചടക്ക നടപടി.
ആലിക്കുട്ടി മുസ്ലിയാരെ പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ നിന്നും വിലക്കിയതാണെന്ന് ലീഗ് നേതാവ് എം സി മായിന്‍ ഹാജി സ്ഥിരീകരിക്കുന്ന ശബ്ദരേഖ പുറത്തായിരുന്നു. മുഖ്യമന്ത്രിയുടെ പരിപാടിയില്‍ സമസ്ത പ്രതിന്ധി പങ്കെടുക്കേണ്ടെന്ന് മായിന്‍ ഹാജി പറയുന്നതും ശബ്ദ രേഖയില്‍ വ്യക്തമാണ്.
ശബ്ദരേഖയുടെ പൂര്‍ണരൂപം:
”കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രചരണ പരിപാടിയാണത്. അല്ലാതെ സര്‍ക്കാരിന്റെ പരിപാടിയല്ല. അതില്‍ സമസ്ത ജനറല്‍ സെക്രട്ടറിയൊന്നും പങ്കെടുക്കാന്‍ പാടില്ലല്ലോ. പങ്കെടുത്ത ഉമര്‍ ഫൈസി മുക്കം പ്രധാനിയല്ലല്ലോ, നാല്പത് പേരില്‍ ഒരാള്‍ മാത്രമാണ്. എല്‍ഡിഎഫ് സംഘടിപ്പിച്ച പരിപാടിയായത് കൊണ്ടാണ് ആലികുട്ടി മുസല്യാര്‍ പങ്കെടുക്കാഞ്ഞത്. ആദ്യം അദ്ദേഹം വിചാരിച്ചത് മുഖ്യമന്ത്രി വിളിച്ച പരിപാടിയാണെന്നായിരുന്നു. എന്നാല്‍ പറയേണ്ടവര്‍ പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് കാര്യങ്ങള്‍ ബോധ്യപ്പെട്ടു. ഇതോടെ അദ്ദേഹം പുറപ്പെട്ടിടത്തു നിന്നും പിന്മാറുകയായിരുന്നു.
പോകരുതെന്ന് ആരോ വിളിച്ചുകാണണം. അത് ഞാനല്ലായെന്ന് പറഞ്ഞ് കഴിഞ്ഞു. എനിക്കെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ വളരെ വ്യക്തമായി ഞാനല്ലായെന്ന് പറഞ്ഞതാണ്.
തടഞ്ഞയാളെ എനിക്ക് അറിയില്ല. തടയേണ്ടതല്ലേ. ആളെ എനിക്കറിയാതിരിക്കാം അല്ലായിരിക്കാം. അതില്‍ എന്താകാര്യം. അറിയാമെങ്കിലും പറയില്ല. ഒരു കമ്മ്യൂണിസ്റ്റ് നേതാവ് സമസ്തയെ വിളിച്ചാല്‍ പോകാന്‍ പാടില്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയില്‍ പോകാന്‍ കഴിയില്ല.”