സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ പത്ത് ശതമാനം വര്‍ധനയ്ക്ക് ശുപാര്‍ശ ചെയ്ത് ശമ്പള കമ്മീഷന്‍. പെന്‍ഷനിലും ആനുപാതിക വര്‍ധനയുണ്ടാകും. ശമ്പള കമ്മീഷന്‍ ചെയര്‍മാന്‍ കെ. മോഹന്‍ദാസാണ് റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറിയത്. 2019 ജൂലൈ ഒന്നു മുതല്‍ പുതുക്കിയ ശമ്പളം പ്രാബല്യത്തില്‍. 2019 ജൂലൈ ഒന്നുവരെയുള്ള 28 ശതമാനം ക്ഷാമബത്ത അടിസ്ഥാന ശമ്പളത്തില്‍ ലയിപ്പിക്കും. 10 ശതമാനം ഫിറ്റ്‌മെന്റ് ബെനിഫിറ്റും നല്‍കും. 23,000 രൂപയാകും കുറഞ്ഞ് ശമ്പളം. 166800 രൂപയാണ് കൂടിയ ശമ്പളം.
വീട്ടുവാടക അലവന്‍സ് ശമ്പളത്തിന്റെ നിശ്ചിത ശതമാനമാക്കി. എച്ച്.ആര്‍.എ വര്‍ധിപ്പിച്ചതിനാല്‍ സിറ്റി കോമ്പന്‍ സേറ്ററി അലവന്‍സ് നിര്‍ത്തലാക്കി. പെന്‍ഷന്‍ തുകയും കൂട്ടിയിട്ടുണ്ട്. കുറഞ്ഞ പെന്‍ഷന്‍ 11,500 രൂപയാക്കി. കൂടി പെന്‍ഷന്‍ 83,400 രൂപയാക്കി. 80 വയസ് കഴിഞ്ഞവര്‍ക്ക് പ്രതിമാസം 1000 രൂപ അധിക ബത്തയാക്കി. ശമ്പള, പെന്‍ഷന്‍ വര്‍ധന വഴിയുള്ള വാര്‍ഷിക അധിക ബാധ്യത 4810 കോടിയാണ്.
പെന്‍ഷന്‍ കണക്കാക്കുന്ന രീതിയില്‍ റിപ്പോര്‍ട്ടില്‍ മാറ്റം നിര്‍ദേശിച്ചിട്ടുണ്ട്. അവസാനം വാങ്ങിയ ശമ്പളത്തിന്റെ അടിസ്ഥാനത്തിലാകും ഇനി പെന്‍ഷന്‍ നിര്‍ണയിക്കുക. കിടപ്പിലാകുന്ന മാതാപിതാക്കളെ സംരക്ഷിക്കാന്‍ 40 ശതമാനം അവധി ശമ്പളത്തോട് കൂടി ഒരു വര്‍ഷം പാരന്റ് കെയര്‍ ലീവ് കൂടി റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കാനും ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഒരു വര്‍ഷം കൂടി നീട്ടണമെന്നാണ് ശുപാര്‍ശ. ഈ വര്‍ഷം റിട്ടയര്‍ ചെയ്യുന്നവര്‍ക്ക് ഒരു വര്‍ഷം കൂടി നീട്ടി നല്‍കണമെന്നും ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇത്തരത്തില്‍ 5600 കോടിയുടെ ചെലവ് ഒഴിവാക്കാന്‍ കഴിയുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് ചെയ്യാവുന്നതിന്റെ പരമാവധിയാണ് ശുപാര്‍ശകളെന്ന് ചെയര്‍മാന്‍ അറിയിച്ചു.
തഹസീല്‍ദാര്‍ തസ്തിക പ്രിന്‍സിപ്പല്‍ തഹസീല്‍ദാര്‍ ആയി ഉയര്‍ത്തിയിട്ടുണ്ട്. വില്ലേജ് ഓഫിസര്‍, തഹസീല്‍ദാര്‍ എന്നിവര്‍ക്ക് അധിക അലവന്‍സ് നല്‍കും. സേനാ വിഭാഗം ജീവനക്കാര്‍ക്ക് അധിക ഗ്രേഡുകള്‍ നല്‍കണമെന്നും ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഡോക്ടര്‍മാര്‍ക്ക് സിഎ എസ് പ്രകാരം ഉയര്‍ന്ന ശമ്പള സ്‌കെയില്‍ ആക്കി. അടുത്ത ശമ്പള പരിഷ്‌കരണം കേന്ദ്ര ശമ്പള പരിഷ്‌കരണത്തിനു ശേഷമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.