രാജപ്രതിനിധിയും ആരവങ്ങളുമില്ലാതെ സന്നിധാനത്തേക്ക് നാളെ തിരുവാഭരണ ഘോഷയാത്ര പുറപ്പെടും. ശരണം വിളികളുമായി ആയിരക്കണക്കിന് ഭക്തര്‍ അണിനിരക്കുന്ന പതിവ് കാഴ്ചയും ഇത്തവണയില്ല. പൊലീസുകാര്‍ അടക്കം ഘോഷയാത്രയെ അനുഗമിക്കാനാവുക പരമാവധി 130 പേര്‍ക്ക്.
എല്ലാവര്‍ക്കും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം. പന്തളം കൊട്ടാരത്തില്‍ നിന്ന് തിരുവാഭരണ പേടകങ്ങള്‍ പതിനൊന്നേ മുക്കാലിന് മാത്രമേ വലിയകോയിക്കല്‍ ക്ഷേത്രത്തിലെത്തിക്കൂ. ഉച്ചയ്ക്ക് ഒരു മണിക്ക് ഘോഷയാത്ര പുറപ്പെടും. നേരത്തേ നിശ്ചയിച്ച ഇടങ്ങളില്‍ തിരുവാഭരണ പേടകം ഇറക്കുമെങ്കിലും ഭക്തര്‍ക്ക് ദര്‍ശനത്തിനുള്ള അവസരമില്ല.
നെയ് തേങ്ങകളും സ്വീകരിക്കില്ല. ആദ്യ ദിനം അയിരൂര്‍ പുതിയകാവ് ക്ഷേത്രത്തിലും രണ്ടാം ദിവസം ളാഹ വനം വകുപ്പ് സത്രത്തിലുമാകും സംഘം തങ്ങുക. 14 ന് വൈകുന്നേരത്തോടെ ശബരിമലയില്‍ എത്തും. പൊലീസിനെ കൂടാതെ അഗ്‌നിശമന സേന,വനം വകുപ്പ്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും ഘോഷയാത്രയ്‌ക്കൊപ്പം ഉണ്ടാകും.