എറണാകുളം: ദേശീയപാത 66 ന്റെ വികസനവുമായി ബന്ധപ്പെട്ട് നടക്കുന്ന സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ വേഗത്തിലാക്കാന്‍ ജില്ലാ കളക്ടര്‍ എസ്.സുഹാസ് നിര്‍ദ്ദേശം നല്‍കി. ഫെബ്രുവരി 15 നകം നടപടികള്‍ പൂര്‍ത്തീകരിക്കാനാണ് നിര്‍ദ്ദേശം. ജില്ലയില്‍ മൂത്തകുന്നം മുതല്‍ ഇടപ്പിള്ളി വരെ 24 കി.മീറ്റര്‍ നീളത്തിലാണ് സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ പുരോഗമിക്കുന്നത്. 38.52 ഹെക്ടര്‍ സ്ഥലം കൂടി അധികമായി ഏറ്റെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
എട്ട് വില്ലേജുകളിലാണ് പ്രവര്‍ത്തികള്‍ നടക്കുന്നത്. ചേരാനല്ലൂര്‍, ഇടപ്പിള്ളി വില്ലേജുകളിലെ നടപടികള്‍ പൂര്‍ത്തിയാക്കി അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ചു. ബാക്കിയുള്ള വില്ലേജുകളില്‍ സര്‍വേ നടപടികള്‍ പുരോഗമിക്കുകയാണ്. പുരോഗതി വിലയിരുത്തുന്നതിനായി ജില്ലാതലത്തില്‍ കമ്മിറ്റി രൂപീകരിക്കാനും തീരുമാനിച്ചു. ആഴ്ചയിലൊരിക്കല്‍ കമ്മിറ്റി അവലോകന യോഗം ചേര്‍ന്ന് പുരോഗതി വിലയിരുത്താനും കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.