വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടുക്കിയില്‍ തന്നെ മത്സരിക്കുമെന്ന് റോഷി അഗസ്റ്റിന്‍ എംഎല്‍എ. കേരള കോണ്‍ഗ്രസ് എമ്മിന്റെ വരവ് ഇടത് മുന്നണിക്ക് ഗുണം ചെയ്തിട്ടില്ലെന്ന ഘടക കക്ഷികളുടെ ആരോപണങ്ങളും റോഷി അഗസ്റ്റിന്‍ തള്ളി. കേരള കോണ്‍ഗ്രസ് എം മുന്നണി മാറിയ സാഹചര്യത്തില്‍ റോഷി അഗസ്റ്റിന്‍ ഇടുക്കി നിയോജകമണ്ഡലം വിടുമെന്ന് നേരത്തെ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് നിലപാട് വ്യക്തമാക്കി റോഷിയുടെ പ്രതികരണം.
യുഡിഎഫ് വോട്ടുകള്‍ കൂടുതലുള്ള ഇടുക്കിയില്‍ വിജയ സാധ്യത കുറവായതിനാല്‍ റോഷി പാലായിലോ കടുത്തുരുത്തിയിലോ മത്സരിക്കാനാണ് സാധ്യത എന്നായിരുന്നു പ്രചാരണം. എന്നാല്‍ കഴിഞ്ഞ ഇരുപത് വര്‍ഷമായി കൂടെ നില്‍ക്കുന്ന ജനതയെ വിട്ട് എങ്ങോട്ടും പോകില്ലെന്നാണ് റോഷി അഗസ്റ്റിന്റെ നിലപാട്. ജോസ് കെ. മാണി വിഭാഗത്തിന്റെ വരവ് ഇടതുപക്ഷത്തിന് ഗുണം ചെയ്തിട്ടില്ലെന്ന എന്‍സിപിയുടെ ആരോപണളും റോഷി അഗസറ്റിന്‍ തള്ളി.
തദ്ദേശ തെരെഞ്ഞെടുപ്പില്‍ ഇടുക്കി നിയോജക മണ്ഡലത്തില്‍ വലിയ നേട്ടമുണ്ടാക്കാന്‍ ഇടതുപക്ഷത്തിനായിട്ടില്ല. എന്നാല്‍ നിയമസഭ തെരെഞ്ഞെടുപ്പില്‍ അത് മറികടക്കാന്‍ ആവുമെന്നാണ് എല്‍.ഡി.എഫ് പ്രതീക്ഷ. അതേസമയം, ഇടുക്കി സീറ്റ് സി.പി.എം ഏറ്റെടുക്കുകയാണെങ്കില്‍ അഡ്വക്കേറ്റ് ജോയ്സ് ജോര്‍ജിനെ സ്ഥാനാര്‍ഥിയാക്കാനുള്ള സാധ്യതകളും നിലനില്‍ക്കുന്നു.