ചിറ്റാറ്റുകര പഞ്ചായത്തിലെ ആളംതുരുത്ത് രണ്ടാം വാര്‍ഡില്‍ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ തോട് അയല്‍വാസി മതില്‍ കെട്ടി നീരൊഴുക്ക് തടസപ്പെടുത്തിയ പരാതിയില്‍ തോട് പുനസ്ഥാപിക്കാന്‍ നടപടി സ്വീകരിക്കാന്‍ മന്ത്രി വി.എസ്. സുനില്‍ കുമാര്‍ ഉത്തരവിട്ടു. സാന്ത്വന സ്പര്‍ശം അദാലത്തില്‍ ബാബു കോ താറയാണ് പരാതി നല്‍കിയത്. ഇദ്ദേഹത്തിന്റെ സ്ഥലത്തിലൂടെയാണ് തോട് കടന്നു പോകുന്നത്. തൊട്ടടുത്ത സ്ഥലമാണ് അയല്‍വാസിയുടേത്.
വര്‍ഷങ്ങള്‍ പഴക്കമുള്ള ആറടിയോളം വീതിയുള്ള തോടാണ് മതില്‍ കെട്ടി നീരൊഴുക്ക് തടസപ്പെടുത്തിയത്. ഇതു മൂലം ബാബുവിന്റെ വീടിനു മുന്നില്‍ വെള്ളക്കെട്ട് രൂക്ഷമായിരിക്കുകയാണെന്നും പരാതിയില്‍ പറയുന്നു. നിരവധി തവണ പഞ്ചായത്തിലും ആര്‍ഡിഒയ്ക്കും പരാതി നല്‍കിയിട്ടും പരിഹാരമായില്ല. ഈ സാഹചര്യത്തിലാണ് പരാതിയുമായി ബാബു അദാലത്തിലെത്തിയത്.
തോടിന്റെ നീരൊഴുക്ക് പുനസ്ഥാപിക്കുന്നതിന് ആവശ്യമായ നടപടികള്‍ ഉടന്‍ സ്വീകരിക്കാനാണ് മന്ത്രി ചിറ്റാറ്റുകര പഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. സെക്രട്ടറി നേരിട്ടെത്തി സ്ഥലം പരിശോധിക്കാനും മന്ത്രി നിര്‍ദേശിച്ചു.