ഡല്‍ഹിയിലെ ചരിത്ര സ്മാരകമായ ചെങ്കോട്ട ജനുവരി 31 വരെ അടച്ചിടും. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയാണ് ഇക്കാര്യം അറിയിച്ചത്. അടച്ചിടാനുള്ള കാരണം ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ അറിയിച്ചിട്ടില്ല. റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലിക്കിടെയുണ്ടായ അക്രമ സംഭവങ്ങളെ തുടര്‍ന്നാണ് ചെങ്കോട്ട അടച്ചത്. അക്രമ സംഭവങ്ങളില്‍ ഉണ്ടായ കേടുപാടുകള്‍ കണക്കാക്കാനാണ് ഇതെന്നാണ് സൂചന.
ജനുവരി 19നാണ് ആദ്യം കോട്ട അടച്ചത്. പക്ഷിപ്പനി ഭീഷണിയെത്തുടര്‍ന്ന് 22 വരെ അടച്ചിട്ട കോട്ട 26 വരെ റിപ്പബ്ലിക് ദിന ആഘോഷങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ക്കായി വീണ്ടും അടച്ചിട്ടു. റെഡ് ഫോര്‍ട്ടിലെ മെറ്റല്‍ ഡിറ്റക്ടറും ടിക്കറ്റ് കൗണ്ടറുമൊക്കെ തകര്‍ക്കപ്പെട്ടിരിക്കുന്ന നിലയിലുള്ള ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ചെങ്കോട്ടയിലെ സുരക്ഷ ശക്തമാക്കിയിയിരുന്നു.
അതേസമയം, ചെങ്കോട്ട സംഭവത്തില്‍ അന്വേഷണം വേണമെന്ന ആവശ്യം കര്‍ഷക സംഘടനകള്‍ ശക്തമാക്കി. പ്രക്ഷോഭത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ് ചെങ്കോട്ടയിലെ സംഭവ വികാസങ്ങളെന്ന് സംയുക്ത കിസാന്‍ മുക്തി മോര്‍ച്ച ആരോപിച്ചു.