നാലു കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് മന്ത്രിയ്ക്കു നല്‍കിയ കത്തില്‍ വിശദീകരണവുമായി ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍. സംഭവത്തില്‍ ജാഗ്രതക്കുറവുണ്ടായെന്ന് അക്കാദമി അധ്യക്ഷന്‍ കമല്‍ പ്രതികരിച്ചു. നിയമനത്തിനായി കത്ത് നല്‍കിയത് വ്യക്തപരമായ ഇഷ്ടപ്രകാരമാണ്. അക്കാദമിക്ക് ഗുണമുള്ള വ്യക്തികളെ സ്ഥിരപ്പെടുത്തണമെന്ന് തോന്നി. മുഖ്യമന്ത്രിയുടെ മറുപടി വന്നതോടെ ഇക്കാര്യത്തില്‍ തീരുമാനമായതാണ്. അക്കാദമി സെക്രട്ടറിയുമായി ഭിന്നതയില്ലെന്നും കമല്‍ വ്യക്തമാക്കി.
ഇടതുപക്ഷമൂല്യം സംരക്ഷിക്കുകയാണ് ലക്ഷ്യം. കത്ത് ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിക്കായല്ല. സാംസ്‌കാരികലോകം വലതുപക്ഷത്തേക്ക് ചായുന്നു. ഇതിനെ പ്രതിരോധിക്കണം. നെഹ്‌റുവിന്റെ കാഴ്ചപ്പാട് പോലും ഇടതുസമീപനത്തോടെ ചേര്‍ന്നതെന്നും കമല്‍ പറഞ്ഞു.
മന്ത്രിയ്ക്കു നല്‍കിയ കത്തിനെച്ചൊല്ലി വിവാദം പുകഞ്ഞ സാഹചര്യത്തിലാണ് വിശദീകരണവുമായി കമല്‍ രംഗത്തെത്തിയത്. അക്കാദമി ചെയര്‍മാന്‍ കമല്‍ മന്ത്രിക്ക് കൈമാറിയത് സെക്രട്ടറി അറിയാതെയായിരുന്നു. മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള സ്ഥിരപ്പെടുത്തലിനെ സെക്രട്ടറി എതിര്‍ത്തിരുന്നു. അക്കാദമിയുടെ തീരുമാനം ഫയലാക്കി മന്ത്രിയുടെ അടുത്തേക്ക് പോകേണ്ടതിനു പകരമാണ് ചെയര്‍മാന്‍ കത്ത് കൈമാറിയത്. ഇടതുപക്ഷ മൂല്യം നിലനിര്‍ത്താന്‍ ഇടതുപക്ഷ അനുഭാവികളായ നാലു കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തണപ്പെടുത്തണമെന്നായിരുന്നു കമലിന്റെ ആവശ്യം. കമല്‍ മന്ത്രിക്ക് കൈമാറിയ കത്ത് പ്രതിപക്ഷ നേതാവ് ഇന്നലെ നിയമസഭയില്‍ പുറത്തുവിട്ടിരുന്നു. ഇതോടെയാണ് വിഷയം പുറം ലോകമറിഞ്ഞത്.