അഞ്ച് വര്‍ഷം പ്രതിപക്ഷ ധര്‍മ്മം പൂര്‍ണമായി നടപ്പാക്കി എന്നാണ് വിശ്വാസമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനാധിപത്യ പ്രക്രിയയില്‍ ജനങ്ങളുടെ കാവലായാളാണ് പ്രതിപക്ഷം പ്രവര്‍ത്തിക്കേണ്ടത്. ജനങ്ങളുടെ അവകാശങ്ങളിന്മേല്‍ ഭരണാധികാരികള്‍ നടത്തുന്ന കയ്യേറ്റത്തെ തടയുകയും അഴിമതികള്‍ പുറത്തുകൊണ്ടുവരികയും ചെയ്യേണ്ടതാണ് പ്രതിപക്ഷത്തിന്റെ പ്രാഥമിക കടമ. അതോടൊപ്പം സംസ്ഥാനത്തെ പൊതുവായി ബാധിക്കുന്ന പ്രശ്നങ്ങളില്‍ ജനങ്ങളുടെ പക്ഷത്തു നിന്നുകൊണ്ട് സര്‍ക്കാരുമായി സഹകരിക്കുകയും വേണം. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ നിയമസഭയിലെ പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനം ഈ പ്രതിപക്ഷ ധര്‍മ്മം പൂര്‍ണമായി നിറവേറ്റുന്നതായിരുന്നുവെന്ന് ചെന്നിത്തല.
ഇടതുപക്ഷം പ്രതിപക്ഷത്ത് വരാറുള്ളപ്പോള്‍ ചെയ്യുന്നതുപോലെ എല്ലാത്തിനെയും കണ്ണുമടച്ച് എതിര്‍ക്കുകയും സംസ്ഥാനത്തിന്റെ താത്പര്യങ്ങളെപ്പോലും സങ്കുചിതമായ രാഷ്ട്രീയ താത്പര്യങ്ങള്‍ക്കായി തുരങ്കം വയ്ക്കുകയും ചെയ്യുന്ന സമീപനമല്ല ഈ അഞ്ച് വര്‍ഷ കാലവും യുഡിഎഫ് സ്വീകരിച്ചത്. സഹകരിക്കേണ്ടതിനോട് പൂര്‍ണമായി സഹകരിക്കുകയും എതിര്‍ക്കേണ്ടവയെ വിട്ടുവീഴ്ച ഇല്ലാതെ എതിര്‍ക്കുകയുമാണ് ചെയ്തത്.
അഞ്ചു വര്‍ഷം മുന്‍പ് സഭയുടെ ആദ്യ സമ്മേളനം തുടങ്ങുമ്പോള്‍ ഇടതു മുന്നണിയെപ്പോലെയല്ല, ക്രിയാത്മക പ്രതിപക്ഷമായിട്ടായിരിക്കും യുഡിഎഫ് പ്രവര്‍ത്തിക്കുക എന്ന് നല്‍കിയ വാക്ക് പൂര്‍ണമായും പാലിച്ചുവെന്നും ചെന്നിത്തല.
ഭരണക്കാരുടെ ചെയ്തികള്‍ക്ക് നേരെ 24 മണിക്കൂറും തുറന്നു വച്ച കണ്ണായിട്ടാണ് പ്രതിപക്ഷം പ്രവര്‍ത്തിച്ചത്. നിയമസഭയിലും ആ ജാഗ്രത പൂര്‍ണമായും പുലര്‍ത്തി. സര്‍ക്കാരിന്റെ പ്രവര്‍ത്തനം വളരെ സൂക്ഷ്മായി പിന്തുടര്‍ന്നിരുന്നതിനാലാണ് ചരിത്രത്തിലുണ്ടാകാതെ വിധം ഇത്രയേറെ അഴിമതികള്‍ പുറത്തുകൊണ്ടുവരാനായതും പലതും സര്‍ക്കാരിനെക്കൊണ്ട് തിരുത്തിക്കാന്‍ കഴിഞ്ഞതും. പ്രതിപക്ഷത്തിന്റെ ജാഗ്രത ഭരണപക്ഷത്തെ തെല്ലൊന്നുമല്ല അലോസരപ്പെടുത്തിയത്. ‘വല്ലതുമുണ്ടോ എന്ന് നോക്കി നടക്കുകയല്ലേ’ എന്ന് മുഖ്യമന്ത്രി തന്നെ ഒരിക്കല്‍ ചോദിച്ചത് ഇതുകാരണമാണെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി.