സംസ്ഥാനത്ത് യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ മുഴുവന്‍ പിന്‍വാതില്‍ നിയമനങ്ങളും പുനപരിശോധിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പി.എസ്.സി റാങ്ക് ഹോള്‍ഡേഴ്‌സ് സമരം ഒത്ത് തീര്‍പ്പാക്കാത്തത് ക്രൂരമായ നടപടി ആണെന്നും മുഖ്യമന്ത്രി ധാര്‍ഷ്ട്യം ഒഴിവാക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ കേരള ബാങ്ക് പിരിച്ച് വിടുമെന്നും അദ്ദേഹം ആലപ്പുഴയില്‍ പറഞ്ഞു.
എസ്.എഫ്.ഐ നേതാക്കള്‍ പ്രതികളായ കത്തിക്കുത്ത് കേസിനെ തുടര്‍ന്ന് ഏഴ് മാസം മരവിപ്പിച്ച സി.പി.ഒ ലിസ്റ്റിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരം നല്‍കണം. പി.എസ്.സി റാങ്ക് ഹോള്‍ഡേഴ്സിന്റെ സമരം ഒത്തുതീര്‍പ്പാക്കാന്‍ എന്തുകൊണ്ടാണ് മുഖ്യമന്ത്രി മടി കാണിക്കുന്നതെന്ന് ചെന്നിത്തല ചോദിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ യാചിച്ചിട്ട് പോലും മുഖ്യമന്ത്രിയുടെ മനസ് അലിയുന്നില്ല. ഇത് ധാര്‍ഷ്ട്യമാണ്. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ഒഴിവുകള്‍ നികത്തുന്നത് ഉറപ്പാക്കാന്‍ നിയമനിര്‍മാണം നടത്തുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
1159 പേരെ ഒരു മാസം കൊണ്ട് സര്‍ക്കാര്‍ സ്ഥിരപ്പെടുത്തി. ഇതില്‍ ഭൂരിഭാഗവും സി.പി.എമ്മുകാരാണ്. മുഖ്യമന്ത്രി യുവാക്കളെ വെല്ലുവിളിക്കുയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാനത്തെ പുതിയ മെഡിക്കല്‍ കോളേജുകളുടെ നിര്‍മ്മാണം അട്ടിമറിക്കപ്പെടുകയാണെന്നും കൊവിഡ് പ്രതിരോധം പരാജയമായി മാറിയെന്നും അദ്ദേഹം പറഞ്ഞു.
കേരള ബാങ്കിന്റെ രൂപീകരണം തന്നെ നിയമ വിരുദ്ധമായാണ്. സഹകരണ പ്രസ്ഥാനത്തെ നശിപ്പിച്ച തീരുമാനമാണിതെന്നും കേരള ബാങ്കിലെ സ്ഥിരപ്പെടുത്തലുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഉത്തരവ് സര്‍ക്കാരിനേറ്റ തിരിച്ചടിയാണെന്നും ചെന്നിത്തല പറഞ്ഞു. യു.ഡി.എഫ് വന്നാല്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ നിയമ നിര്‍മാണം നടത്തുമെന്നും രമേശ് ചെന്നിത്തല കൂട്ടി ചേര്‍ത്തു.