2021 ലെ പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി. ജില്ലയില്‍ അഞ്ചു വയസ്സിന് താഴെയുള്ള 2,09,098 കുട്ടികള്‍ക്ക് പരിപാടിയുടെ ഭാഗമായി ഒരു ഡോസ് പോളിയോ തുള്ളിമരുന്ന് നല്‍കും. 1995 മുതല്‍ നടത്തപ്പെടുന്ന പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ ഫലമായി 2014 മാര്‍ച്ച് 27 ന് ഭാരതം പോളിയോ വിമുക്തമായി പ്രഖ്യാപിക്കപ്പെട്ടു. 2011 ലാണ് ഇന്ത്യയില്‍ അവസാനമായി പോളിയോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
കേരളത്തില്‍ 2000 ല്‍ ആണ് അവസാനമായി പോളിയോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഉയര്‍ന്ന ജനസാന്ദ്രത, നഗര ചേരിപ്രദേശങ്ങളുടെയും, നാടോടി വിഭാഗങ്ങളുടെയും സാന്നിദ്ധ്യം, തദ്ദേശീയവും, അന്തര്‍ദേശീയവുമായ കുടിയേറ്റങ്ങള്‍, പ്രതിരോധ കുത്തിവെപ്പുകളോടുള്ള ചില ജനവിഭാഗങ്ങളുടെ വിമുഖത മുതലായവ കേരളത്തിന്റെ പോളിയോ അപകട സാധ്യത വര്‍ദ്ധിപ്പിക്കുന്ന ഘടകങ്ങളാണ്.
ഈ വര്‍ഷം ജില്ലയിലെ 5 വയസ്സില്‍ താഴെയുള്ള 2,09,098 കുട്ടികള്‍ക്കാണ് പള്‍സ് പോളിയോ ദിനത്തില്‍ പോളിയോ തുള്ളിമരുന്ന് നല്‍കുന്നത്. ഇതിനായി ജില്ലയില്‍ ആകെ 2033 പള്‍സ് പോളിയോ ബൂത്തുകളും സജ്ജീകരിക്കുന്നതാണ്. സര്‍ക്കാര്‍ ആശുപത്രികള്‍, സ്വകാര്യ ആശുപത്രികള്‍, അങ്കണവാടികള്‍, സബ്‌സെന്ററുകള്‍ എന്നിവിടങ്ങളിലാണ് പള്‍സ് പോളിയോ ബൂത്തുകള്‍ പ്രവര്‍ത്തിക്കുക. കൂടാതെ ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ബോട്ട് ജെട്ടികള്‍, എയര്‍പോര്‍ട്ട്, തുടങ്ങി ആളുകള്‍ വന്നു പോയികൊണ്ടിരിക്കുന്ന 39 കേന്ദ്രങ്ങളില്‍ ട്രാന്‍സിറ്റ് ബൂത്തുകളും പ്രവര്‍ത്തിക്കും. ആളുകള്‍ക്ക് വന്നെത്തിച്ചേരുവാന്‍ ബുദ്ധിമുട്ടുള്ള പ്രദേശങ്ങളിലും, ഇതരസംസ്ഥാന തൊഴിലാളി ക്യാമ്പുകളിലും, കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കുന്നതിനായി 93 മൊബൈല്‍ ടീമുകളും ഒരുക്കിയിട്ടുണ്ട്. രാവിലെ 8 മുതല്‍ വൈകിട്ട് 5 വരെയാണ് ബൂത്തുകളുടെ പ്രവര്‍ത്തനം.
ബൂത്തുകളില്‍ സേവനം അനുഷ്ഠിക്കുന്നതിനായി ആരോഗ്യപ്രവര്‍ത്തകര്‍, ആശ പ്രവര്‍ത്തകര്‍, അങ്കണവാടി പ്രവര്‍ത്തകര്‍, എന്‍.സി.സി. വോളന്റീയര്‍മാര്‍ തുടങ്ങിയവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കി നിയോഗിക്കുന്നതാണ്. തുള്ളിമരുന്ന് നല്‍കിയതിന് ശേഷം കുട്ടികളുടെ ഇടതുകൈയിലെ ചെറുവിരലില്‍ മാര്‍ക്കര്‍ പേന ഉപയോഗിച്ച് അടയാളപ്പെടുത്തുന്നതാണ്. പരിപാടിയുടെ നടത്തിപ്പിനാവശ്യമായ തുള്ളിമരുന്ന്, പ്രചരണസാമഗ്രികള്‍ എന്നിവ വിതരണം ചെയ്തു വരുന്നു. എന്തെങ്കിലും കാരണവശാല്‍ ജനുവരി 31 ന് പള്‍സ് പോളിയോ ദിനത്തില്‍ പ്രതിരോധ തുള്ളിമരുന്ന് ലഭിക്കാത്ത കുട്ടികള്‍ ഉണ്ടെങ്കില്‍ അവരെ കണ്ടെത്തുകയും വോളണ്ടിയര്‍മാര്‍ അവരുടെ വീടുകളില്‍ പോളിയോ പ്രതിരോധ തുള്ളിമരുന്ന് എത്തിക്കാനുള്ള സജ്ജീകരണങ്ങളും ചെയ്തിട്ടുണ്ട്.
കോവിഡ് 19 മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍:
കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് കൊണ്ടായിരിക്കും പള്‍സ് പോളിയോ ബൂത്തുകള്‍ സജ്ജീകരിക്കുന്നതും വാക്സിന്‍ വിതരണം ചെയ്യുന്നതും.
കണ്ടൈന്‍മെന്റ് സോണായി പ്രഖ്യാപിച്ചിട്ടുള്ള സ്ഥലങ്ങള്‍ നോണ്‍ കണ്ടൈന്‍മെന്റ് സോണായി പ്രഖ്യാപിച്ചതിന് ശേഷം മാത്രമായിരിക്കും പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി നടത്തുക.
ക്വാറന്റൈനിലിരിക്കുന്ന ആള്‍ വീട്ടിലുണ്ടെങ്കില്‍ ആ വീട്ടിലെ കുട്ടിക്ക് ക്വാറന്റൈന്‍ കാലാവധി അവസാനിച്ച ശേഷമായിരിക്കും വാക്സിന്‍ നല്‍കുന്നത്.
കോവിഡ് 19 പോസിറ്റീവ് ആയ ആള്‍ ഉള്ള വീട്ടിലെ കുട്ടിക്ക് പരിശോധന ഫലം നെഗറ്റീവ് ആയതിന് ശേഷം 14 ദിവസം കഴിഞ്ഞായിക്കും തുള്ളി മരുന്ന് നല്‍കുന്നത്.
അഞ്ച് വയസില്‍ താഴെയുള്ള കോവിഡ് പോസിറ്റീവ് ആയ കുട്ടിക്ക് പരിശോധനഫലം നെഗറ്റീവ് ആയി 4 ആഴ്ചക്ക് ശേഷം മാത്രമായിരിക്കും തുള്ളി മരുന്ന് നല്‍കുന്നത്.
പനി, ജലദോഷം, തൊണ്ടവേദന തുടങ്ങിയ രോഗലക്ഷണങ്ങളുള്ളവര്‍ കുട്ടികളുമായി ബൂത്തിലെത്തരുത്.
60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ ബൂത്തിലെത്തുന്നത് കഴിവതും ഒഴിവാക്കുക. ബൂത്തിനത്തേക്ക് കുട്ടിയുമായി ഒരാള്‍ക്ക് മാത്രം പ്രവേശനം.