പുതുച്ചേരിയില്‍ കോണ്‍ഗ്രസിന് തിരിച്ചടിയായി ഒരു എംഎല്‍എ കൂടി രാജിവച്ചു. കെ. ലക്ഷ്മി നാരായണന് ആണ് രാജിവച്ചത്. നാളെ വിശ്വാസവോട്ടെടുപ്പ് നടക്കാനിരിക്കെയാണ് കോണ്‍ഗ്രസ് എംഎല്‍എയുടെ രാജി. ഇതോടെ വി. നാരായണസ്വാമി മന്ത്രിസഭയ്ക്ക് ഭൂരിപക്ഷം നഷ്ടമായി. നാരായണസ്വാമി സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി രാജിവയ്ക്കുന്ന അഞ്ചാമത്തെ കോണ്‍ഗ്രസ് എംഎല്‍എയാണ് ലക്ഷ്മി നാരായണന്.
കോണ്‍ഗ്രസിന് നിലവില്‍ സ്പീക്കറടക്കം ഒമ്പത് എംഎല്‍എമാരാണ് ഉള്ളത്. ഡിഎംകെയുടെ മൂന്നും ഒരു സ്വതന്ത്ര എംഎല്‍എയുടെ പിന്തുണയുടമടക്കം 13 പേരുടെ പിന്തുണയാണ് യുപിഎക്കുള്ളത്.
പ്രതിപക്ഷത്ത് ഓള് ഇന്ത്യ എന്‍.ആര് കോണ്‍ഗ്രസ്, എ.ഐ.എ.ഡി.എം.കെ എന്നിവര്‍ക്കായി 11 എംഎല്‍എമാരുണ്ട്. ബിജെപിയുടെ നാമനിര്‍ദേശം ചെയ്യപ്പെട്ട മൂന്ന് അംഗങ്ങളുമുണ്ട്. ഇതടക്കം എന്‍ഡിഎക്ക് 14 പേരാകും. നോമിനേറ്റ് ചെയ്യപ്പെട്ട അംഗങ്ങള്‍ക്ക് വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കാനാവില്ലെന്നാണ് കോണ്‍ഗ്രസിന്റെ വാദം.