തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിലെ എല്‍ജിഎസ് ഉദ്യോഗാര്‍ത്ഥികള്‍ അടക്കമുള്ള പിഎസ്സി റാങ്ക് ഹോള്‍ഡേഴ്സിന്റെ സമരം ഇരുപത്തിയൊന്നാം ദിവസവും തുടരുകയാണ്. ഇന്നലെ ശയന പ്രദക്ഷിണമടക്കമായിരുന്നു സമരരീതിയെങ്കില്‍, ഇന്ന് മുട്ടിലിഴഞ്ഞ് പ്രതിഷേധിക്കുകയാണ് ഉദ്യോഗാര്‍ത്ഥികള്‍. സെക്രട്ടേറിയറ്റിന് മുന്നിലെ സമരം ശക്തമാകുകയാണ്. രാഷ്ട്രീയമല്ല, അര്‍ഹമായ തൊഴിലിന് വേണ്ടിയുള്ള സമരമെന്ന് ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു.
സെക്രട്ടേറിയേറ്റിനു മുന്നില്‍ മുട്ടിലിഴഞ്ഞ് യാചനാസമരവുമായി പ്രതിഷേം ശക്തമാക്കുകയാണ് ഉദ്യോഗാര്‍ഥികള്‍. താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് അനുകൂലമായ തീരുമാനങ്ങളില്ലാത്തതിനാലാണ് സമരം ശക്തമാക്കാന്‍ ഉദ്യോഗാര്‍ഥികള്‍ തീരുമാനിച്ചത്. തസ്തിക സൃഷ്ടിക്കാനോ ലിസ്റ്റിലുള്ളവരെ കൂടുതല്‍ നിയമിക്കാനോ തീരുമാനമില്ല. പി.എസ്.സി ലിസ്റ്റിലുള്ള താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്തരുതെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. ഇതോടെയാണ് സമരം ശക്തമാക്കാന്‍ തീരുമാനിച്ചത്.
മുട്ടിലിഴഞ്ഞ് പ്രതിഷേധിക്കുന്നതിനിടെ ഉദ്യോഗാര്‍ത്ഥികളില്‍ ചിലര്‍ പൊരിവെയിലത്ത് തളര്‍ന്നു വീണു. അവരെ ആംബുലന്‍സ് എത്തിച്ച് പൊലീസ് ആശുപത്രിയില്‍ എത്തിച്ചു. ഇരുപത്തിയൊന്നാം ദിവസവും വളരെ സമാധാനപരമായിട്ടാണ് സമരം പുരോഗമിക്കുന്നത്.
എംഎല്‍എമാരായ കെ എസ് ശബരീനാഥനും ഷാഫി പറമ്പിലും സമരപ്പന്തലില്‍ നിരാഹാരസമരം നടത്തുകയാണ്. ഇന്നലെയാണ് യൂത്ത് കോണ്‍ഗ്രസ് സമരത്തിന് പിന്തുണ പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ എംഎല്‍എമാര്‍ സമരപ്പന്തലിലെത്തി നിരാഹാരസമരം തുടങ്ങുകയായിരുന്നു.
വിവാദങ്ങള്‍ക്കെല്ലാമിടെ, നിര്‍മിതി കേന്ദ്രത്തിലും സ്ഥിരപ്പെടുത്തല്‍ ആരോപണം വരികയാണ്. 10 വര്‍ഷം പൂര്‍ത്തിയായ 16 പേരെ സ്ഥിരപ്പെടുത്താന്‍ എക്സിക്യൂട്ടീവ് കമ്മിറ്റിയെ ചുമതലപ്പെടുത്തി. ടൂറിസം വകുപ്പിലും സ്ഥിരപ്പെടുത്തലിന് ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം അംഗീകാരം നല്കി. താത്കാലികക്കാരുടെ സ്ഥിരപ്പെടുത്തലിന് മുമ്പ് തസ്തിക പിഎസ്സിക്ക് വിട്ടതല്ലെന്ന് ഉറപ്പാക്കണമെന്ന് വകുപ്പുകള്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശവും നല്കി. പിഎസ്സി ഉദ്യോഗാര്‍ഥികളുടെ ആവശ്യങ്ങള്‍ മന്ത്രിസഭ പരിഗണിച്ചില്ല.