മന്ത്രിസഭാ യോഗത്തില്‍ അനുകൂല തീരുമാനം ഉണ്ടാകാത്തതോടെ സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ശക്തമാക്കി ഉദ്യോഗാര്‍ഥികള്‍. സെക്രട്ടറിയേറ്റിന് മുന്നിലൂടെ മുട്ടിലിഴഞ്ഞും യാചന നടത്തിയുമാണ് ഉദ്യോഗാര്‍ഥികള്‍ ഇന്നലെ നീതിയ്ക്കായി സമരം ചെയ്തത്. സര്‍ക്കാരില്‍ നിന്ന് അനുകൂല തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് സ്ത്രീകള്‍ അടക്കമുള്ള ഉദ്യോഗാര്‍ഥികള്‍ വിവിധ ജില്ലകളില്‍ നിന്ന് സമര പന്തലില്‍ എത്തുന്നത്. തസ്തിക സൃഷ്ടിക്കലിലൂടെ മാത്രമേ തങ്ങളുടെ പ്രശ്‌നം പരിഹരിക്കാന്‍ കഴിയുകയുള്ളൂവെന്ന് എല്‍ജിഎസ് ഉദ്യോഗാര്‍ഥികള്‍ വ്യക്തമാക്കുമ്പോള്‍ അത് പ്രയോഗികമല്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് സര്‍ക്കാര്‍. റാങ്ക് ലിസ്റ്റ് നീട്ടണമെന്ന ആവശ്യത്തില്‍ സിപിഒ റാങ്ക് ഹോള്‍ഡേഴ്‌സ് പറയുമ്പോള്‍ ചര്‍ച്ചയ്ക്ക് പോലും സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല.
അതേസമയം ഉന്നയിച്ച ഏതെങ്കിലും ഒരു ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചാല്‍ സമരം നിര്‍ത്തുമെന്ന് എല്‍ജിഎസ് റാങ്ക് ഹോള്‍ഡേഴ്‌സ് അറിയിച്ചു. റാങ്ക് പട്ടികയിലുള്ളവരുടെ നിയമനം ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസിന്റെ നിരാഹാരം മൂന്നാം ദിവസത്തിലേക്ക് കടന്നു.
ബുധനാഴ്ച്ചത്തെ മന്ത്രിസഭാ യോഗത്തിലാണ് ഉദ്യോഗാര്‍ഥികളുടെ അവസാന പ്രതീക്ഷ. പിന്‍വാതില്‍ നിയമനങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസും സെക്രട്ടറിയേറ്റിന് മുന്നിലെ നിരാഹാര സമരം ശക്തമാക്കുകയാണ്. ഡിവൈഎഫ്‌ഐ മുഖ്യമന്ത്രിയുടെ അടിമയായി എന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ കുറ്റപ്പെടുത്തി.