താത്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നതിനെതിരെ സമരം ശക്തമാകുമ്പോഴും കൂടുതല്‍ പേരെ സ്ഥിരപ്പെടുത്താന്‍ തീരുമാനിച്ച് സര്‍ക്കാര്‍. ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ കൂടുതല്‍ സ്ഥിരപ്പെടുത്തലുകള്‍ക്ക് അംഗീകാരം നല്‍കും. 10 വര്‍ഷം പൂര്‍ത്തിയാക്കിയ യോഗ്യരായവരെ സ്ഥിരപ്പെടുത്തുന്നതില്‍ തെറ്റില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. ആരോഗ്യ വകുപ്പ്, വനം വകുപ്പ്, കെപ്‌കോ, മത്സ്യഫെഡ് അടക്കം നിരവധി സ്ഥാപനങ്ങളിലെ സ്ഥിരപ്പെടുത്തല്‍ ശിപാര്‍ശകള്‍ മന്ത്രിസഭയുടെ പരിഗണനയില്‍ വരും. ഹയര്‍ സെക്കന്‍ഡറി വകുപ്പില്‍ ഉള്‍പ്പെടെ പുതിയ തസ്തികകള്‍ സൃഷ്ടിക്കാനും മന്ത്രിസഭാ യോഗം തീരുമാനമെടുക്കും.
അതേസമയം മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ പരിഗണിക്കും വരെ സമരം തുടരാനാണ് ഉദ്യോഗാര്‍ഥികളുടെ തീരുമാനം. സമരക്കാര്‍ക്ക് ഐക്യദാര്‍ഢ്യവുമായി യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ നടത്തുന്ന നിരാഹാര സമരവും സെക്രട്ടറിയേറ്റിന് മുന്നില്‍ തുടരുകയാണ്. ഇന്ന് നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ തങ്ങള്‍ക്ക് അനുകൂലമായ തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു ഉദ്യോഗാര്‍ഥികള്‍. എന്നാല്‍ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി നിലപാട് വിശദീകരിച്ചതോടെ പ്രതീക്ഷ മങ്ങി. എങ്കിലും സമരം തുടരാനാണ് തീരുമാനം. കാലാവധി കഴിഞ്ഞ ലിസ്റ്റില്‍ നിന്ന് നിയമനം സാധ്യമല്ലെന്ന മുഖ്യമന്ത്രിയുടെ നിലപാടിനെ രേഖകള്‍ ഉയര്‍ത്തിക്കാട്ടിയാണ് സിപിഒ റാങ്ക് ഹോള്‍ഡേഴ്സ് ചെറുക്കുന്നത്. ഇന്നലെ രാത്രി വൈകിയും സെക്രട്ടറിയേറ്റിന് മുന്നില്‍ വിവിധ സംഘടനകള്‍ പ്രതിഷേധവുമായെത്തി. യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. ഇന്നത്തെ മന്ത്രിസഭാ യോഗത്തിലും അനുകൂല നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചില്ലെങ്കില്‍ സെക്രട്ടറിയേറ്റ് പരിസരം സംഘര്‍ഷ ഭരിതമാകാനാണ് സാധ്യത.
യൂത്ത് കോണ്‍ഗ്രസിന്റെ പൊതുതാത്പര്യ ഹര്‍ജി ഇന്ന് പരിഗണിക്കും:
താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കം തടയണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കിയ പൊതുതാത്പര്യ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഫൈസല്‍ കുളപ്പാടവും വിഷ്ണു സുനില്‍ പന്തളവുമാണ് ഹര്‍ജിക്കാര്‍. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ചാണ് പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കുന്നത്.
സെക്രട്ടേറിയേറ്റിന് മുന്‍പില്‍ സമരം ചെയ്യുന്ന പി.എസ്.സി റാങ്ക് ഹോള്‍ഡേഴ്‌സിന് പിന്തുണ പ്രഖ്യാപിച്ച് കോഴിക്കോട് കളക്ട്രേറ്റിന് മുന്‍പില്‍ യൂത്ത് ലീഗ് അനിശ്ചിതകാല സമരം ഇന്ന് തുടങ്ങും. ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്, ട്രഷറര്‍ എംഎ സമദ്, സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം എന്നിവരാണ് രാത്രിയും പകലും സഹന സമരം നടത്തുന്നത്. ഓരോ ദിവസവും വിവിധ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ കളക്ട്രേറ്റിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചിട്ടുണ്ട്.