അങ്കമാലി അയ്യമ്പുഴയില്‍ ഗിഫ്റ്റ് സിറ്റി പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാക്കി നാട്ടുകാര്‍. പദ്ധതിക്കായി അയ്യമ്പുഴ പഞ്ചായത്തിലെ മൂന്ന് വാര്‍ഡുകളില്‍ നിന്നായി 220 ഹെക്ടര്‍ സ്ഥലമാണ് ഗിഫ്റ്റ് സിറ്റി പദ്ധതിക്കായി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയിരുന്നു. 1600 കോടി രൂപ മുതല്‍ മുടക്കിലാണ് ഗ്ലോബല്‍ ഇന്‍ഡസ്ട്രിയല്‍ ഫിനാന്‍സ് ആന്‍ഡ് ട്രേഡ് സിറ്റി, അഥവാ ഗിഫ്റ്റ് സിറ്റി വിഭാവനം ചെയ്തിരിക്കുന്നത്.
പൊതു സ്വകാര്യ പങ്കാളിത്തത്തോടെയാണ് പദ്ധതി. വില്ലേജ് ഓഫീസില്‍ നിന്നും ലഭ്യമായ സര്‍വേ നമ്പറുകള്‍ പ്രകാരം മുന്നൂറോളം കുടുംബങ്ങളാണ് കുടിയൊഴിപ്പിക്കല്‍ ഭീഷണി നേരിടുന്നത്. ഇതോടെയാണ് സമരസമിതി പ്രതിഷേധം ശക്തമാക്കിയത്. സ്ഥലമേറ്റെടുക്കല്‍ നടപടികളുടെ ഭാഗമായി സ്ഥലത്തെത്തിയ ഉദ്യോഗസ്ഥരെ നേരത്തെ സമരസമിതി തടഞ്ഞിരുന്നു. ജനകീയ സമര സമിതിയുടെ നേതൃത്വത്തില്‍ എറണാകുളം കളക്ടറേറ്റിലേക്ക് നാട്ടുകാര്‍ പ്രതിഷേധ മാര്‍ച്ചും സംഘടിപ്പിച്ചു.
വ്യവസായ ഇടനാഴിയുടെ ഭാഗമായുള്ള പദ്ധതിയുടെ നടത്തിപ്പില്‍ ജനവാസ കേന്ദ്രങ്ങള്‍ കാര്യമായി ഉള്‍പ്പെട്ടത് സംബന്ധിച്ച് സര്‍വ്വത്ര ആശയക്കുഴപ്പമാണ്. പദ്ധതിയുടെ മറവില്‍ ഭൂമാഫിയ അനധികൃത ഇടപെടലിന് ശ്രമിക്കുന്നതായും ആക്ഷേപമുണ്ട്.