ദമ്മാം: ഈ വര്‍ഷത്തെ പ്രവാസി സമ്മാന്‍ പുരസ്‌കാര ജേതാവ് ഡോ. സിദ്ദിഖ് അഹമ്മദിനെ കിഴക്കന്‍ പ്രവിശ്യ ലോകകേരളസഭ കൂട്ടായ്മ ഭാരവാഹികള്‍ സന്ദര്‍ശിച്ചു അനുമോദനങ്ങള്‍ അര്‍പ്പിച്ചു. അതോടൊപ്പം കോവിഡ് ദുരിതകാലത്ത്, ദമ്മാമില്‍ നിന്നും കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിലേയ്ക്ക് നോര്‍ക്ക ചാറ്റേര്‍ഡ് ഫ്‌ലൈറ്റ് സര്‍വ്വീസുകള്‍ വിജയകരമായി നടത്താന്‍ അദ്ദേഹം നല്‍കിയ സഹായങ്ങള്‍ക്ക് നന്ദിയും അവര്‍ അറിയിച്ചു.
ലോകകേരളസഭ അംഗങ്ങളായ ആല്‍ബിന്‍ ജോസഫ്, പവനന്‍, ഷാജി മതിലകം, ഹബീബ് ഏലംകുളം, നാസ് വക്കം എന്നിവരും നോര്‍ക്ക ലീഗല്‍ കണ്‍സള്‍ട്ടന്റുമാരായ അഡ്വ. വില്‍സണ്‍ തോമസ്, അഡ്വ. നജുമുദീന്‍, നോര്‍ക്ക വോളന്റീര്‍ നിസ്സാം കൊല്ലം എന്നിവരുമാണ് പ്രതിനിധിസംഘത്തില്‍ ഉണ്ടായിരുന്നത്.
സൗദിയെക്കൂടാതെ വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ വ്യവസായ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ഡോ.സിദ്ദിഖ് അഹമ്മദ്, പ്രയാസമനുഭവിക്കുന്ന പ്രവാസികള്‍ക്ക് ആവശ്യമായ സഹായമെത്തിക്കുന്നതില്‍ എന്നും മുന്‍പന്തിയിലായിരുന്നു. കൊറോണ രോഗബാധയുടെ ദുരിതകാലത്ത് ലോകകേരളസഭ കൂട്ടായ്മ മുന്‍കൈ എടുത്തു രൂപീകരിച്ച നോര്‍ക്ക ഹെല്‍പ്ഡെസ്‌ക്ക് പ്രവാസികള്‍ക്കിടയില്‍ നടത്തിയ സേവനപ്രവര്‍ത്തനങ്ങള്‍ക്ക്, അദ്ദേഹം ഒട്ടേറെ സഹായസഹകരണങ്ങള്‍ ചെയ്തിട്ടുണ്ടായിരുന്നു.
ഡോ.സിദ്ദിഖ് അഹമ്മദിന്റെ കമ്പനിയായ ഐ.ടി.എല്‍ ട്രാവല്‍സ് ആയിരുന്നു നോര്‍ക്ക ഹെല്‍പ്പ്‌ഡെസ്‌ക്ക് നടത്തിയ ചാര്‍ട്ടേര്‍ഡ് ഫ്ളൈറ്റുകളുടെ ട്രാവല്‍ ഏജന്റായി പ്രവര്‍ത്തിച്ചത്. സൗദി അറേബ്യയിലെ അക്കാലത്തു നിലവിലുണ്ടായിരുന്ന ഏറ്റവും കുറഞ്ഞ വിമാനടിക്കറ്റ് നിരക്കില്‍ പതിനഞ്ചു ചാര്‍ട്ടേര്‍ഡ് വിമാനങ്ങളാണ് നോര്‍ക്ക ഹെല്‍പ്പ്‌ഡെസ്‌ക്ക്, ഐടിഎല്‍ ട്രാവല്‍സ് വഴി നാട്ടിലേയ്ക്ക് പറത്തിയത്. നാട്ടിലേയ്ക്ക് മടങ്ങാനുള്ള വിമാനസര്‍വ്വീസുകള്‍ കുറവായിരിയ്ക്കുകയും, ലഭ്യമായ വിമാനടിക്കറ്റ് നിരക്കുകള്‍ വളരെ കൂടുതലായിരിയ്ക്കുകയും ചെയ്തതിനാല്‍ നാട്ടിലേയ്ക്ക് മടങ്ങാനാകാതെ ദുരിതത്തിലായ ഒട്ടേറെ പ്രവാസികള്‍ക്ക്, നോര്‍ക്ക ഹെല്‍പ്പ്ഡെസ്‌ക്ക് കുറഞ്ഞ വിമാനടിക്കറ്റ് നിരക്കില്‍ നടത്തിയ ചാര്‍ട്ടേര്‍ഡ് വിമാന സര്‍വ്വീസുകള്‍ വളരെ ആശ്വാസകരമായിരുന്നു.
കോവിഡ് ദുരിതകാലത്ത് ജോലിയോ ഭക്ഷണമോ ഇല്ലാതെ വിഷമിച്ച പ്രവാസികള്‍ക്കായി, മുപ്പത് ടണ്ണിലധികം ഭക്ഷ്യധാന്യകിറ്റുകളാണ് നോര്‍ക്ക ഹെല്‍പ്പ് ഡെസ്‌ക്ക് വഴി വിതരണം ചെയ്തത്. രോഗികളായ പ്രവാസികള്‍ക്ക് മരുന്നുകള്‍ എത്തിച്ചും, ചികിത്സയ്ക്ക് യാത്രസൗകര്യം ഒരുക്കിയും, ഡോക്ടര്‍മാരുമായി സംസാരിയ്ക്കാന്‍ അവസരം ഒരുക്കിയും, മാനസികസമ്മര്‍ദ്ദത്തില്‍പ്പെട്ടവര്‍ക്ക് ഫോണിലൂടെ കൗണ്‍സലിങ് നല്‍കിയും, നിയമപ്രശ്‌നങ്ങളില്‍പ്പെട്ടവര്‍ക്ക് സഹായങ്ങള്‍ നല്‍കിയും, നാട്ടിലേയ്ക്ക് മടങ്ങുന്ന പ്രവാസികള്‍ക്ക് മാസ്‌ക്കും, ഗ്ലൗസുകളും വിതരണം ചെയ്തും, നോര്‍ക്ക ഹെല്‍പ്പ്‌ഡെസ്‌ക്കിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രവാസലോകത്തിന്റെ വിവിധമേഖലകളില്‍ ഒറ്റപ്പെട്ടുപോയ പ്രവാസികള്‍ക്ക് തണലായി മാറിയിരുന്നു. അതിനെല്ലാം ഡോ.സിദ്ദിഖ് അഹമ്മദ് ചെയ്തു തന്ന സഹായസഹകരണങ്ങള്‍ ലോകകേരളസഭ കൂട്ടായ്മ ഭാരവാഹികള്‍ നന്ദിപൂര്‍വ്വം എടുത്തു പറഞ്ഞു.
നോര്‍ക്ക ഹെല്‍പ്പ്‌ഡെസ്‌ക്ക് പ്രവര്‍ത്തങ്ങളെ ഏകോപിച്ചു കൊണ്ടു പോയി വിജയകരമായി പൂര്‍ത്തിയാക്കിയ ലോകകേരളസഭ കൂട്ടായ്മയെ ഡോ സിദ്ദിക്ക് അഹമ്മദും അഭിനന്ദിച്ചു.