മുവാറ്റുപുഴ: സൗന്ദര്യ വത്ക്കരണത്തിന്റെ മുന്നോടിയായുള്ള ശുചിത്വ നഗരം പദ്ധതിക്ക് മുവാറ്റുപുഴയില്‍ തുടക്കമായി. ശ്രീമൂലം യൂണിയന്‍ ക്ലബ്ബിന് സമീപത്തെ പൊതു നിരത്തിലെ കാട് വെട്ടി തെളിച്ച് പദ്ധതിയുടെ ഉത്ഘാടനം നഗരസഭാ ചെയര്‍മാന്‍ പി.പി.എല്‍ദോസ് നിര്‍വ്വഹിച്ചു. വൈസ് ചെയര്‍പേഴ്സണ്‍ സിനി ബിജു അധ്യക്ഷയായി. ജനുവരി 26-നകം നഗസഭാ അതിര്‍ത്തിയിലെ മുഴുവന്‍ റോഡു വക്കുകളിലേയും കാടുകള്‍ വെട്ടി നീക്കുകയും മാലിന്യം നീക്കം ചെയ്യുകയും ചെയ്യുമെന്ന് ചെയര്‍മാന്‍ പി.പി.എല്‍ദോസ് പറഞ്ഞു.
തൊടുപുഴ, ആരക്കുഴ, പിറവം, കൂത്താട്ടുകുളം, കോലഞ്ചേരി, പെരുമ്പാവൂര്‍, കോതമംഗലം റോഡുകളിലെ നഗര പ്രദേശത്തെ ഇരുവശങ്ങളുമാണ് ആദ്യം ശുചീകരിക്കുക. പുല്ലും കാടും വെട്ടി അവ ഡംബിംഗ് യാര്‍ഡിലേയ്ക്ക് മാറ്റും. രണ്ടാം ഘട്ടം എന്ന നിലയില്‍ നഗര സഭയുടെ പൊതു സ്ഥലങ്ങള്‍, ലോറി വാന്‍, സ്വകാര്യ ബസ് സ്റ്റാന്റുകള്‍, ഉണക്കമത്സ്യ- പച്ചക്കറി മാര്‍ക്കറ്റുകള്‍, വാക് വേ, ജനറല്‍, ആയൂര്‍വേദ, ഹോമിയോ ആശുപത്രകള്‍, കുളിക്കടവുകള്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തനം നടത്തും. ഉണക്കമത്സ്യ മാര്‍ക്കറ്റില്‍ വര്‍ഷങ്ങളായി കുന്നുകൂടി കിടക്കുന്ന മാലിന്യങ്ങള്‍ പൂര്‍ണ്ണമായും നീക്കം ചെയ്യും. നിരവധി ലോഡ് മാലിന്യങ്ങളാണ് ഇവിടെ കെട്ടി കിട്ടുന്നത്. ഇ.ഇ.സി.മാര്‍ക്കറ്റ് റോഡിലേയും വാഴപ്പിള്ളി ഭാഗത്തേയും മാലിന്യങ്ങളും നീക്കം ചെയ്യും. തുടര്‍ന്ന് നഗരസൗന്ദര്യവത്ക്കരണത്തിന് തുടക്കം കുറിക്കും. ഇതിന്റെ ഭാഗമായി സൂചന ബോര്‍ഡുകളും സ്വാഗത ബോര്‍ഡുകളും മാറ്റി പുതിയത് സ്ഥാപിക്കും.
നഗര മീഡിയനുകളില്‍ പൂച്ചെടികള്‍ വച്ച് പിടിപ്പിക്കും. സര്‍ക്കിളുകളില്‍ പുല്ല് വച്ച് പിടിപ്പിക്കും. പൊട്ടി പൊളിഞ്ഞ ഫുട് പാത്തുകള്‍ അറ്റകുറ്റപ്പണികള്‍ നടത്തി കാല്‍നടയാത്രക്കാര്‍ക്ക് പ്രയോജനകരമാക്കും. സഞ്ചാരികളെ അടക്കം ആകര്‍ഷിക്കുന്ന തരത്തില്‍ നഗരം മനോഹരമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കേവലമായി ചുരുക്കാതെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ അടക്കമുള്ളവ തുടര്‍ പ്രക്രിയയാകും നഗരത്തലുണ്ടവുകയെന്ന് ചെയര്‍മാന്‍ കൂട്ടി ചേര്‍ത്തു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി.എം.അബ്ദുള്‍ സലാം, അജി മുണ്ടാട്ട്, ജോസ് കുര്യാക്കോസ്, രാജശ്രീ രാജു കൗണ്‍സിലര്‍മാരായ ജിനു മടേയ്ക്കല്‍, അമല്‍ ബാബു, മുനിസിപ്പല്‍ സെക്രട്ടറി എന്‍.പി.കൃഷ്ണരാജ് എന്നിവര്‍ പ്രസംഗിച്ചു.