മൂവാറ്റുപുഴയില്‍ രണ്ടാം അങ്കത്തിനിറങ്ങാന്‍ തയ്യാറെടുക്കുന്ന കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴയ്ക്കന് എതിരെ പോസ്റ്ററുകള്‍. സേവ് കോണ്‍ഗ്രസ് എന്ന പേരിലാണ് അജ്ഞാത സംഘം രാത്രിയില്‍ നഗരത്തിലെങ്ങും പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്. വാഴയ്ക്കന്‍ മൂവാറ്റുപുഴയിലെ കോണ്‍ഗ്രസിന്റെ അന്തകന്‍ ആണെന്നാണ് പോസ്റ്ററിലെ തലവാചകം. ഗ്രൂപ്പ് മാനേജറെ മൂവാറ്റുപുഴയ്ക്ക് ആവശ്യമില്ലെന്നും പോസ്റ്ററില്‍ പറയുന്നു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ ജോസഫ് വാഴയ്ക്കന്‍ മൂവാറ്റുപുഴയില്‍ നിന്ന് ജനവിധി തേടാനുള്ള സാധ്യത ശക്തമായതിന് പിന്നാലെയാണ് മണ്ഡലത്തിലെ വിവിധ ഇടങ്ങളില്‍ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടത്. പോസ്റ്റര്‍ പ്രചാരണത്തിനു പിന്നില്‍ സീറ്റ് മോഹികള്‍ ആകാമെന്ന് ജോസഫ് വാഴയ്ക്കന്‍. സാധാരണ കാണുന്ന കൈയ്യെഴുത്തു നോട്ടീസുകള്‍ക്ക് വിരുദ്ധമായി മള്‍ട്ടി കളര്‍ നോട്ടീസാണ് വാഴയ്ക്കന് എതിരെ മണ്ഡലത്തില്‍ പതിച്ചിരിക്കുന്നത്.
തെരഞ്ഞെടുപ്പ് അടുത്തതോടെ മൂവാറ്റുപുഴയില്‍ വീണ്ടും വാഴയ്ക്കന്‍ തന്നെ മല്‍സരിക്കുമെന്ന് യുഡിഎഫില്‍ ഏകദേശ ധാരണയായിരുന്നു. എന്നാല്‍ ഇതിനിടെയാണ് വാഴയ്ക്കനെതിരെ പോസ്റ്റര്‍ പതിച്ച് പ്രചാരണം തുടങ്ങിയത്. പ്രതിപക്ഷ നേതാവിന്റെ ഐശ്വര്യ കേരളയാത്ര എറണാകുളത്ത് എത്തിയ ദിവസം തന്നെയാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത് എന്നതും ശ്രദ്ധേയമാണ്.
അതിനിടെ മൂവാറ്റുപുഴ സീറ്റിനായി ചാനല്‍ ചര്‍ച്ചകളില്‍ പതിവു സാന്നിധ്യമായ വ്യക്തി ഉള്‍പ്പടെയുള്ളവര്‍ രംഗത്തുണ്ട്. ഈ സാഹചര്യത്തിലാണ്
ഇത്തരത്തിലുള്ള പ്രചാരണങ്ങള്‍ വേണ്ടെന്നും പാര്‍ട്ടി തീരുമാനിക്കുന്ന ആളായിരിക്കും സ്ഥാനാര്‍ഥികളെന്നും രമേശ് ചെന്നിത്തലവ്യക്തമാക്കി.
മൂവാറ്റുപുഴ മണ്ഡലത്തിലെ വിവിധ ഭാഗങ്ങളില്‍ പോസ്റ്റുകള്‍ പതിച്ചിട്ടുണ്ട്. നമ്പര്‍ പ്ലേറ്റ് നീക്കം ചെയ്ത വാഹനത്തിലെത്തി പോസ്റ്റര്‍ പതിക്കുന്നവരുടെ സിസിടിവി ദൃശ്യങ്ങള്‍ ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശേഖരിച്ചു. ദൃശ്യങ്ങള്‍ സഹിതം ഇവര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഗ്രൂപ്പ് പോരാണ് പോസ്റ്റര്‍ യുദ്ധത്തിന് പിന്നിലെന്നാണ് വിലയിരുത്തല്‍.