വിദ്യാര്‍ത്ഥികളുമായുള്ള മുഖ്യമന്ത്രിയുടെ സംവാദ പരിപാടിക്ക് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ തുടക്കമായി. വിദ്യാര്‍ഥികളുടെ നിര്‍ദ്ദേശങ്ങള്‍ കുറിച്ചെടുത്ത മുഖ്യമന്ത്രി, പ്രകടനപത്രിക എല്‍ഡിഎഫിന് കേവലം പ്രചാരണ ഉപാധിയല്ല എന്ന് പറഞ്ഞാണ് പ്രസംഗം തുടങ്ങിയത്. ഉന്നത വിദ്യാഭ്യാസമേഖലയില്‍ ലോകം അംഗീരിക്കുന്ന സ്ഥാപനങ്ങള്‍ കേരളത്തില്‍ ഉണ്ടാകണമെന്നാണ് സര്‍ക്കാരിന്റെ ലക്ഷ്യം. പുതിയ കാലത്തെ തൊഴില്‍ സാധ്യതകള്‍ക്ക് അനുസരിച്ചുള്ള മാറ്റങ്ങള്‍ ഉന്നത വിദ്യാഭ്യാസരംഗത്ത് കൊണ്ടുവരും. ഗവേഷണ തല്‍പരരായ വിദ്യാര്‍ത്ഥി സമൂഹത്തെ സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കാലാനുസൃതമായ കോഴ്‌സുകള്‍ക്ക് ഒപ്പം വികസന കുതിപ്പിനുതകുന്ന ഗവേഷണങ്ങള്‍ക്കും വഴിയൊരുക്കുമെന്ന് പിണറായി വിജയന്‍ പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മേഖലയിലെ മാറ്റത്തിന് ഉതകുന്ന നിര്‍ദേശങ്ങള്‍ പരിപാടിയില്‍ മുന്നോട്ട് വച്ചു. സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പുകളും യൂണിവേഴ്‌സിറ്റികളുടെ പരീക്ഷ കലണ്ടര്‍ ഏകീകരിക്കുക, ബഹിരാകാശ ഗവേഷണത്തിന് സ്റ്റാര്‍ട്ടപ്പുകള്‍, എന്‍ജിനീയറിങ് പഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഇന്റണ്‍ഷിപ്പ് തുടങ്ങിയ നിര്‍ദേശങ്ങള്‍ വിദ്യാര്‍ത്ഥികള്‍ മുന്നോട്ട് വച്ചു.
കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ നടന്ന ‘നവകേരളം യുവകേരളം’ പരിപാടിയില്‍ കേരളത്തിലെ 5 യൂണിവേഴ്‌സിറ്റികളിലെ തെരഞ്ഞെടുക്കപ്പെട്ട 200 വിദ്യാര്‍ഥികളാണ് പങ്കെടുത്തത്. ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീല്‍ അധ്യക്ഷത വഹിച്ചു.