തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ കാസര്‍ഗോഡ് പള്ളിക്കര ഗ്രാമപഞ്ചായത്തിലെ ആലക്കോട് വാര്‍ഡില്‍ നടന്നുവെന്നു പറയുന്ന സംഭവമാണ് വിഷയം. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന പരിശീലനത്തിലും മാര്‍ഗ നിര്‍ദ്ദേശങ്ങളിലും പ്രിസൈഡിംഗ് ഓഫീസര്‍, ഒന്നാം പോളിംഗ് ഓഫീസര്‍, രണ്ടാം പോളിംഗ് ഓഫീസര്‍ എന്നിവര്‍ക്ക് കൃത്യമായ ചുമതലകള്‍ നിശ്ചയിച്ച് നല്‍കിയിട്ടുണ്ട്. ഈ ജോലി വിഭജനം എല്ലാവരും കൃത്യമായി പാലിച്ചാല്‍ മാത്രമേ വോട്ടെടുപ്പ് സുഗമമായി നടത്താന്‍ സാധിക്കൂ.
വോട്ട് ചെയ്യാന്‍ എത്തുന്നവരെ തിരിച്ചറിയല്‍ കാര്‍ഡ് പരിശോധിച്ച് ഐഡന്റിഫൈ ചെയ്യുന്ന ചുമതല ഒന്നാം പോളിംഗ് ഓഫീസര്‍ക്കാണ്. ഇത് പ്രിസൈഡിംഗ് ഓഫീസറുടെ ചുമതലയില്‍പ്പെടുന്നില്ല. പോളിംഗ് സാമഗ്രികള്‍ ഏറ്റുവാങ്ങുന്നതുള്‍പ്പെടെയുള്ള ഭാരിച്ച ഉത്തരവാദിത്തങ്ങള്‍ പ്രിസൈഡിംഗ് ഓഫീസര്‍ക്കുണ്ട്. ഇവിടെ പ്രിസൈഡിംഗ് ഓഫീസര്‍ ക്യൂവില്‍ നിന്ന ആളുകളുടെ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിച്ചുവെന്നാണ് പരാതി ഉയര്‍ന്നത്. അവിടെ വോട്ട് ചെയ്യാനെത്തിയ എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ ജില്ലാ കളക്ടറെ ഈ പരാതി അറിയിച്ചു. ഇതിനെതുടര്‍ന്ന് ജില്ലാ കളക്ടര്‍ പ്രിസൈഡിംഗ് ഓഫീസറെ ബന്ധപ്പെടുകയും പരിശീലനത്തില്‍ നല്‍കിയ ചുമതലകള്‍ കൃത്യമായി നിര്‍വ്വഹിക്കാന്‍ ആവശ്യപ്പെട്ടു. അതിനുശേഷം തിരഞ്ഞെടുപ്പ് സമാധാനപരമായി നടക്കുകയും ഫലം പ്രഖ്യാപിക്കുകയും ചെയ്തു.
തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനുശേഷം പ്രിസൈഡിംഗ് ഓഫീസര്‍ ഇക്കാര്യം ഫേസ്ബുക്കിലൂടെ പരസ്യപ്പെടുത്തുകയും ഇക്കാര്യം മാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയം ആവുകയും ചെയ്തു. പ്രിസൈഡിംഗ് ഓഫീസര്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് കത്തും നല്‍കിയിട്ടുണ്ട്. ഇതിേ?ല്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ കളക്ടറോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. കളക്ടര്‍ പ്രിസൈഡിംഗ് ഓഫീസറുടെ ഭാഗം കേള്‍ക്കാനായി അദ്ദേഹത്തിന് അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ സംഭവത്തില്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ജില്ലാകളക്ടറുടെ റിപ്പോര്‍ട്ട് തേടുകയും പരിഗണിച്ചുവരികയുമായതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ പറയാന്‍ കഴിയില്ല.
എം.എല്‍.എ. ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തെക്കുറിച്ച് ഒരു പരാതിയും പോലീസ് സ്റ്റേഷനില്‍ ലഭിച്ചിട്ടില്ല. എന്നാല്‍ ആലക്കോട് പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡിലെ ചെര്‍ക്കപ്പാറ ജി.എല്‍.പി. സ്‌കൂളിലെ ഒന്നാം നമ്പര്‍ ബൂത്തിലെ പ്രിസൈഡിംഗ് ഓഫീസറായ ശ്രീകുമാറിനെ ഉദുമ എം.എല്‍.എ. ശ്രീ കെ. കുഞ്ഞിരാമന്‍ ഭീഷണപ്പെടുത്തിയതായി വന്ന പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ഒരു പ്രാഥമിക അന്വേഷണം നടത്തുന്നതിന് കാസര്‍ഗോഡ് ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി.യെ ചുമതലപ്പെടുത്തിയിട്ടുണ്ട് അന്വേഷണം നടന്നുവരികയാണ്. പത്രവാര്‍ത്തയെ അടിസ്ഥാനമാക്കിയാണത്.
മറ്റു ചില അക്രമ സംഭവങ്ങളെ സംബന്ധിച്ച് താഴെപ്പറയുന്ന നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്:
14.12.2020 ന് പുല്ലൂര്‍പെരിയ പഞ്ചായത്തിലെ 7,8 വാര്‍ഡുകളിലെ പോളിംഗ് ബൂത്ത് ആയ അമ്പലത്തറ ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂള്‍ പരിസരത്ത് വെച്ച് എട്ടാം വാര്‍ഡിലെ സ്ഥാനാര്‍ത്ഥിയായിരുന്ന കൃഷ്ണകുമാറിനെ മര്‍ദ്ദിച്ചതില്‍ അമ്പലത്തറ പോലീസ് സ്റ്റേഷന്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരുന്നു. പ്രതികളായ രതീഷ്, മജീദ് എന്നിവരെ അറസ്റ്റു ചെയ്ത് നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
ആട്ടോറിക്ഷ 14.12.2020 ന് രാത്രി കത്തിച്ചതിന് ചന്ദേര പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ബൂത്ത് ഏജന്റിനെ മര്‍ദ്ദിച്ചതായുള്ള ആരോപണത്തിന് പോലീസില്‍ പരാതി ലഭിക്കുകയോ കേസ് രജിസ്റ്റര്‍ ചെയ്യുകയോ ചെയ്തിട്ടില്ല.
സാമൂഹ്യമാധ്യമങ്ങളില്‍ ഏറെ പ്രചരിച്ച സംഭവം കൂടി ഓര്‍ക്കുന്നത് നന്നാവും. വോട്ടെണ്ണല്‍ ദിവസം ഹോസ്ദുര്‍ഗ്ഗ് കല്ലൂരാവി എന്ന സ്ഥലത്ത് ശ്രീമതി ജസീല എന്ന സ്ത്രീയുടെ വീട് ആക്രമിച്ചതിന് ആറു ഐ.യു.എം.എല്‍. പ്രവര്‍ത്തകര്‍ക്കെതിരെ ക്രൈം നം. 1402/2020 ആയി ഹോസ്ദുര്‍ഗ്ഗ് പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിച്ചുവരുന്നു.
ശ്രീമതി ജസീലയുടെ ഭര്‍ത്താവിന്റെ സഹോദരന്‍ ഇടതു സ്വതന്ത്ര സ്ഥാനാര്‍ത്ഥിക്കു വേണ്ടി പ്രവര്‍ത്തിച്ചതിലുള്ള വിരോധം കാരണമാണ് വീട് ആക്രമിച്ചതെന്ന് അറിയുന്നു. ഹോസ്ദുര്‍ഗ്ഗ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട ഔഫ് അബ്ദുള്‍ റഹ്മാനെ ഐ.യു.എം.എല്‍. പ്രവര്‍ത്തകര്‍ കൊലപ്പെടുത്തുന്ന സംഭവം ഉണ്ടായതും മറന്നുപോകാന്‍ പാടില്ല. 23.12.2020 ന് ആയിരുന്നു ഇത്. ഈ കേസിലെ ഒന്നാം പ്രതി ഇര്‍ഷാദ് നിലവില്‍ തന്നെ 5 കേസുകളില്‍ പ്രതിയായ വ്യക്തിയാമാണ്. ഇത്തരത്തില്‍ തെരഞ്ഞെടുപ്പില്‍ കൃത്രിമം കാട്ടാനും അക്രമം നടത്താനുമുള്ള ഇടപെടലുകള്‍ ഏതുതരത്തില്‍ ഉണ്ടായി എന്നത് പ്രമേയം അവതരിപ്പിക്കുമ്പോള്‍ മറന്നു പോകരുതായിരുന്നു.
2020 ലെ തദ്ദേശസ്വയംഭരണസ്ഥാപന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കാസര്‍ഗോഡ് ജില്ലയില്‍ ആകെ 113 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പരാതിക്കാരായി 38 കേസുകളും യുഡിഎഫ് പ്രവര്‍ത്തകര്‍ പരാതിക്കാരായി 37 കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ ഉണ്ടായ ജനവിധിയില്‍ അങ്കലാപ്പ് ഉണ്ടായ ആളുകള്‍ ഇത്തരം സംഭവങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്ന് അവരുടെ ജാള്യത മറച്ചുപിടിക്കുന്നതായി മാത്രമേ ഇതിനെ കാണാനാകൂ. അതേസമയം ആര് തെറ്റ് ചെയ്താലും രാഷ്ട്രീയം നോക്കാതെ കര്‍ശന നടപടി ഉണ്ടാകും.