പിടി തോമസ് എംഎല്‍എയുടെ ആരോപണങ്ങള്‍ക്ക് നിയമസഭയില്‍ മറുപടി നല്‍കി മുഖ്യമന്ത്രി. മുഖ്യമന്ത്രിയുടെ മകളുടെ വിവാഹത്തിന് സ്വപ്ന വന്നോ എന്നതടക്കം വ്യക്തിപരമായ ആരോപണങ്ങള്‍ പിടി തോമസ് ഉന്നയിച്ചപ്പോള്‍ റിയല്‍ എസ്റ്റേറ്റ് കച്ചവടം നടന്നപ്പോള്‍ കേന്ദ്ര ഏജന്‍സികള്‍ വരുന്നുണ്ടെന്ന് അറിഞ്ഞ് അവിടെ നിന്ന് ഓടി രക്ഷപ്പെട്ടത് ആരാണെന്ന് മുഖ്യമന്ത്രി ചോദിച്ചു. സ്വര്‍ണക്കടത്ത് വഴി കിട്ടുന്ന പണം റിയല്‍ എസ്റ്റേറ്റ് ഇടപാടുകളിലും ഉപയോഗിക്കുന്നുണ്ട് എന്ന് കണ്ടെത്തിയിരുന്നു എന്നോര്‍ക്കണം എന്നും മുഖ്യമന്ത്രി പിടി തോമസിനോട് പറഞ്ഞു.
”റിയല്‍ എസ്റ്റേറ്റ് കച്ചവടം നടന്നപ്പോള്‍ കേന്ദ്രഏജന്‍സികള്‍ വരുന്നുണ്ടെന്ന് അറിഞ്ഞ് അവിടെ നിന്ന് ഓടി രക്ഷപ്പെട്ടത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ആരുമല്ല. കേസുകളില്‍ അന്വേഷണ ഏജന്‍സികള്‍ അന്വേഷിച്ചു തെളിവുകള്‍ കണ്ടെത്തണം. അല്ലാതെ മുന്‍കൂട്ടി നിശ്ചയിച്ച് കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകല്‍ അല്ല. ബിജെപിയുടെ കച്ചേരിക്ക് പക്കവാദ്യം വായിക്കാന്‍ സദാ സന്നദ്ധരായിരിക്കുകയാണ് നിങ്ങള്‍. കേരള സര്‍ക്കാരിനെ ശ്വാസം മുട്ടിച്ചു കളയാം എന്ന് വ്യാമോഹിക്കേണ്ട”, പിടി തോമസിനോട് മുഖ്യമന്ത്രി പറഞ്ഞു.