നീതിപീഠത്തില്‍ ഉന്നത സ്ഥാനം അലങ്കരിച്ചവര്‍ അഴിഞ്ഞാട്ടത്തിനും അഴിമതിക്കും കുടപിടിക്കാന്‍ ഇറങ്ങരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വൈറ്റില മേല്‍പ്പാലം ഉദ്ഘാടനത്തിന് മുമ്പ് പാലത്തില്‍ വാഹനമോടിക്കാന്‍ ശ്രമിച്ച വിഫോര്‍ കൊച്ചിയേയും അവരെ പിന്തുണച്ചവരേയും സൂചിപ്പിച്ചാണ് മുഖ്യമന്ത്രി ഇത് പറഞ്ഞത്. കുത്തിത്തിരിപ്പുണ്ടാക്കി പ്രശസ്തി നേടുന്ന ഒരു ചെറിയ ആള്‍ക്കൂട്ടമാണിവര്‍. അതിനെല്ലാം ഉന്നത സ്ഥാനത്തിരുന്നവര്‍ ഉത്തരവാദിത്വം ഇല്ലാതെ പ്രതികരിക്കുകയാണോ വേണ്ടത്. പ്രോത്സാഹനം കൊടുക്കേണ്ടത് അരാജകത്വത്തിനും അഴിഞ്ഞാട്ടത്തിനുമാണോ എന്ന വിവേകം അവര്‍ക്കുണ്ടാകട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഈ സര്‍ക്കാര്‍ കാണുന്നത് നാടിന്റെ വികസനമാണ്. അതിന് അടിസ്ഥാന സൗകര്യമൊരുക്കണം. അതിന് പ്രധാനമായി വേണ്ടത് പാലങ്ങളും റോഡുകളുമാണ്. ജനങ്ങള്‍ക്ക് ഉപകരിക്കുന്ന പൊതുഗതാഗത സംവിധാനങ്ങള്‍ ഒരുക്കാന്‍ ‘പുതിയ കാലം പുതിയ നിര്‍മ്മാണം’ എന്നതടിസ്ഥാനമാക്കിയാണ് പൊതുമരാമത്ത് വകുപ്പ് പ്രവര്‍ത്തിക്കുന്നത് അതിന്റെ ഗുണം കാണാനുണ്ട്. പ്രഖ്യാപനത്തിനൊപ്പം പൂര്‍ത്തീകരണത്തിനും ഈ സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നുണ്ടെന്നും മുഖ്യമന്ത്രി വൈറ്റില പാലം ഉദ്ഘാടനം ചെയ്യവേ പറഞ്ഞു.