കേരളം തെക്കുവടക്ക് ഗുണ്ടാ ഇടനാഴി ആയെന്ന് പ്രതിപക്ഷം നിയമസഭയില്‍. വര്‍ഗീയ ശക്തികളുമായി ചേര്‍ന്ന് യുഡിഎഫ് കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിച്ചു. തീവ്രവാദ സംഘടനകളെ പോലെ പ്രവര്‍ത്തിക്കുന്ന സിപിഎം പഠിപ്പിക്കാന്‍ വരേണ്ടെന്ന് പ്രതിപക്ഷ നേതാവിന്റെ മറുപടി. കേരളം വര്‍ഗീയ കലാപമില്ലാത്ത സംസ്ഥാനമായത് പൊലീസിന്റെ മികവുകൊണ്ടാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
രാഷ്ട്രീയ കൊലപാതകങ്ങള്‍, ഗുണ്ടാ ആക്രമണങ്ങള്‍ സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ എന്നിവ കേരളത്തില്‍ ക്രമാതീതമായി വര്‍ധിക്കുകയാണെന്ന് കാണിച്ച് എന്‍. ഷംസുദീനാണ് അടിയന്തര പ്രമേയ നോട്ടിസ് അവതരിപ്പിച്ചത്. പ്രതിപക്ഷ ആരോപണങ്ങള്‍ വസ്തുതാ വിരുദ്ധമാണെന്ന് പറഞ്ഞ മുഖ്യമന്ത്രി രാജ്യത്തെ ഏറ്റവും മെച്ചപ്പെട്ട ക്രമസമാധാന നില കേരളത്തിലാണെന്നു പറഞ്ഞു.
സ്വന്തം പാര്‍ട്ടിയില്‍ പെട്ട തലശേരിയിലെ ഹരിദാസനെ പോലും മുഖ്യമന്ത്രിക്ക് സംരക്ഷിക്കാനായില്ല എന്നായി പ്രതിപക്ഷം. സംസ്ഥാനത്ത് ഗുണ്ടകളും കൊലയാളികളും അഴിഞ്ഞാടുകയാണ്. യു.ഡി.എഫിനെ കടന്നാക്രമിച്ചായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
ജീവിക്കാനുള്ള അവകാശം പോലും പിണറായി ഭരണത്തിനു കീഴില്‍ നഷ്ട്ടപ്പെട്ടു എന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. പൊലീസിന്റെ ആത്മവീര്യം തകര്‍ക്കുന്ന പാര്‍ട്ടി ഇടപെടലും ഭീകര സെല്‍ഭരണവുമാണ് നടക്കുന്നതെന്നാരോപിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങി പോയി.