കേരള ഇലക്ട്രിക്കല്‍ ആന്റ് അലൈഡ് എഞ്ചിനീയറിംഗിന്റെ മാമല യൂണിറ്റില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന പവര്‍ ട്രാന്‍ഫോര്‍മര്‍ പ്ലാന്റ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ഇ- വെഹിക്കിള്‍ ചാര്‍ജിംഗ് സ്റ്റേഷന്റെയും ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. പൊതുമേഖലാ സ്ഥാപനമായ കെല്‍ ശക്തമായ തിരിച്ചുവരവിന്റെ പാതയിലാണെന്ന് മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു. വൈദ്യുതി ബോര്‍ഡിനു പുറമെ മറ്റു സംസ്ഥാനങ്ങള്‍ക്കും കെല്‍ ഡിസ്ട്രിബ്യൂഷന്‍ ട്രാന്‍സ്‌ഫോര്‍മറുകള്‍ നിര്‍മ്മിച്ചു നല്‍കുന്നു. നവീന സങ്കേതങ്ങള്‍ സ്വന്തമാക്കി മുന്നേറാനുള്ള പരിശ്രമമാണ് സ്ഥാപനം നടത്തുന്നത്. പൊതുമേഖലാ ശാക്തീകരണത്തിന്റെ ഭാഗമായി കെല്ലിലും വലിയ തോതിലുള്ള നവീകരണം നടപ്പിലാക്കി. ഇതിന്റെ ഭാഗമായാണ് പവര്‍ ട്രാന്‍സ്‌ഫോര്‍മര്‍ നിര്‍മ്മാണ രംഗത്തേക്ക് സ്ഥാപനം എത്തിയത്.ഇതോടൊപ്പം ഭാവിയുടെ വാഹനങ്ങളായ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ധാരാളം ചാര്‍ജിംഗ് യൂണിറ്റുകള്‍ ആവശ്യമാണ്. ഇത് ഉല്പാദിപ്പിക്കാന്‍ കെല്‍ നടപടികള്‍ സ്വീകരിച്ചു വരികയാണ്. ഇതിന്റെ ഭാഗമായാണ് ആദ്യത്തെ ചാര്‍ജിംഗ് സ്റ്റേഷന്‍ കെല്ലിന്റെ അങ്കണത്തില്‍ പ്രവര്‍ത്തനം തുടങ്ങുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.
പൊതുമേഖലാ സംവിധാനം സംരക്ഷിക്കുന്നതിനും അവയുടെ ഉന്നമനത്തിനായി ഫലപ്രദമായ പദ്ധതികളാണ് സര്‍ക്കാര്‍ നടത്തിയത്. 2016ല്‍ സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ കേരളത്തിന്റെ വ്യവസായിക മേഖല വലിയ തളര്‍ച്ച നേരിടുകയായിരുന്നു. കഴിഞ്ഞ നാലേ മുക്കാല്‍ വര്‍ഷം നാം നടപ്പിലാക്കിയ ആധുനികവത്കരണവും വൈവിധ്യവത്കരണവും വന്‍തോതിലുള്ള പുരോഗതിയാണ് ഈ മേഖലക്ക് സമ്മാനിച്ചതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ യുവതയുടെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനുള്ള ദൗത്യമാണ് വ്യവസായ വകുപ്പ് ഏറ്റെടുത്തിരിക്കുന്നതെന്ന് മന്ത്രി ഇ.പി.ജയരാജന്‍ വ്യക്തമാക്കി. തൊഴില്‍ രഹിതരില്ലാത്ത കേരളം സൃഷ്ടിക്കുകയാണ് ലക്ഷ്യം. ഇതു വരെ 26,000 പേര്‍ക്ക് വകുപ്പ് തൊഴില്‍ നല്‍കി. 63,000 ചെറുകിട സൂക്ഷ്മ ഇടത്തരം സംരംഭങ്ങള്‍ സംസ്ഥാനത്ത് ആരംഭിക്കാന്‍ അനുമതി നല്‍കി. ഇതു വഴി രണ്ടേകാല്‍ ലക്ഷം ആളുകള്‍ക്ക് ജോലി നല്‍കാനായി. എന്താണോ വ്യവസായ നിക്ഷേപകര്‍ക്ക് ആവശ്യം അതിനുതകുന്ന അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുകയാണ് വകുപ്പ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.
വ്യവസായ വകുപ്പ് മന്ത്രി ഇ.പി. ജയരാജന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണി ആശംസയര്‍പ്പിച്ചു.