പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പുതിയ കെട്ടിടം ഫെബ്രുവരി ആറിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്യുമെന്ന് എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ അറിയിച്ചു. പദ്ധതിയുടെ നിര്‍മ്മാണ പുരോഗതി എം.എല്‍.എ സന്ദര്‍ശിച്ചു വിലയിരുത്തി. 1890 കളില്‍ ആരംഭിച്ച ഈ വിദ്യാലയത്തില്‍ യൂ.പി, ഹൈസ്‌ക്കൂള്‍, ഹയര്‍സെക്കണ്ടറി വിഭാഗങ്ങളിലായി 1700 ന് മുകളില്‍ കുട്ടികള്‍ പഠിക്കുന്നുണ്ട്.
2017 ല്‍ അഞ്ച് കോടി രൂപ കിഫ്ബിയില്‍ നിന്നും അനുവദിച്ചു നിര്‍മ്മാണം തുടങ്ങിയ പദ്ധതി കഴിഞ്ഞ വര്‍ഷം നവംബര്‍ മാസത്തില്‍ തന്നെ പൂര്‍ത്തികരിക്കേണ്ടതായിരുന്നു. ആവശ്യത്തിന് തൊഴിലാളികള്‍ ഇല്ലാത്തതാണ് പദ്ധതി പൂര്‍ത്തികരിക്കുവാന്‍ വൈകിയതെന്ന് എംഎല്‍എ പറഞ്ഞു.
പഴയ കാലഘട്ടത്തില്‍ പെരുമ്പാവൂരില്‍ തലയെടുപ്പോടെ നിന്നിരുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍. എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ ആയതിന് ശേഷം പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പദ്ധതിയിലേക്ക് ശുപാര്‍ശ ചെയ്തതിനെ തുടര്‍ന്നാണ് കിഫ്ബിയില്‍ നിന്നും തുക അനുവദിച്ചത്.
യു.പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങള്‍ക്കായുള്ള 2 കെട്ടിടമാണ് ഇവിടെ നിര്‍മ്മിക്കുന്നത്. നിലവിലുള്ള ഹയര്‍സെക്കന്‍ഡറി കെട്ടിടത്തിനോട് ചേര്‍ന്നുള്ള കെട്ടിടമാണ് ഒരെണ്ണം. താഴെ ഓഡിറ്റോറിയത്തിനോട് ചേര്‍ന്ന് നിര്‍മ്മിക്കുന്ന രണ്ടാമത്തെ ബ്ലോക്കിന്റെ നിര്‍മ്മാണവും അവസാന ഘട്ടത്തിലാണ്. 12 ക്ലാസ് മുറികള്‍ കൂടാതെ ലൈബ്രറി, അധ്യാപകര്‍ക്കായി സ്റ്റാഫ് റൂം, അടുക്കള കെട്ടിടം, ഡൈനിംഗ് ഹാള്‍, സ്റ്റോര്‍ റൂമുകള്‍, യു.പി ബ്ലോക്കില്‍ ഉള്‍പ്പെടെ എല്ലാ നിലകളിലും ശുചിമുറികളും പുതിയതായി നിര്‍മ്മിക്കുന്ന ഇരുപത്തയ്യായിരം ചതുരശ്രയടി വിസ്തീര്‍ണമുള്ള കെട്ടിടത്തില്‍ ഉള്‍ക്കൊള്ളിക്കുന്നുണ്ട്.
കിറ്റ്‌ക്കോ ആണ് പദ്ധതിയുടെ രൂപരേഖ തയ്യാറാക്കിയത്. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ വാപ്ക്കോസ് ആണ് പദ്ധതിയുടെ നിര്‍മ്മാണ മേല്‍നോട്ട പ്രവര്‍ത്തനങ്ങളുടെ ചുമതല നിര്‍വ്വഹിക്കുന്നത്.