കുവൈത്തിലെത്തുന്ന മുഴുവന്‍ യാത്രക്കാര്‍ക്കും പി.സി.ആര്‍ പരിശോധന നിര്‍ബന്ധമാക്കി. ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് പശ്ചാത്തലത്തില്‍ ആരോഗ്യമന്ത്രാലയമാണ് പ്രോട്ടോക്കോള്‍ പരിഷ്‌കരിച്ചത്. പരിശോധന സൗജന്യമായിരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് കുവൈത്തില്‍ എത്തുന്ന മുഴുവന്‍ യാത്രക്കാര്‍ക്കും സര്‍ക്കാര്‍ ചെലവില്‍ സൗജന്യ പി.സി.ആര്‍ പരിശോധന നടത്തുന്നത്. ബ്രിട്ടന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് കണ്ടെത്തിയ സാഹചര്യത്തിലാണ് മുഴുവന്‍ യാത്രക്കാര്‍ക്കും പി.സി.ആര്‍ പരിശോധന നിര്‍ബന്ധമാക്കിയത്. വിദേശ രാജ്യങ്ങളില്‍ നിന്ന് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുന്ന യാത്രക്കാരുടെ കൈവശം പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കിലും വിമാനത്താവളത്തിലെ പരിശോധന നിര്‍ബന്ധമാണ്.
നേരത്തെ ഓരോ വിമാനത്തിലെയും പത്തു ശതമാനം യാത്രക്കാരെ മാത്രം റാന്‍ഡം അടിസ്ഥാനത്തില്‍ പരിശോധിക്കാറായിരുന്നു പതിവ്. ഇതാണിപ്പോള്‍ മുഴുവന്‍ യാത്രക്കാര്‍ക്കും ആക്കി മാറ്റിയത്. അതിനിടെ കുവൈത്തിലേക്ക് നേരിട്ടു വരുന്നതിനു വിലക്കുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ബുധനാഴ്ച മുതല്‍ ബ്രിട്ടനും ഉള്‍പ്പെടും. ഇന്ത്യ ഉള്‍പ്പെടെ ഉള്ള ഈ രാജ്യങ്ങളുടെ വിലക്ക് തുടരും എന്ന സൂചനയാണ് അധികൃതര്‍ നല്‍കുന്നത്.