പെരുമ്പാവൂര്‍: കീഴില്ലം പാണിയേലിപ്പോര് റോഡിന്റെ രണ്ടാം ഘട്ട സര്‍വ്വേ നടപടികള്‍ പൂര്‍ത്തീകരിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായി എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ. മൂന്ന് മാസങ്ങള്‍ കൊണ്ടാണ് സര്‍വ്വേ നടപടികള്‍ പൂര്‍ത്തീകരിച്ചത്. എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ 20 കോടി രൂപ പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് പദ്ധതിയുടെ പ്രാഥമിക ഘട്ട നടപടികള്‍ ആരംഭിച്ചത്.
12 മീറ്റര്‍ വീതിയില്‍ റോഡ് നിര്‍മിക്കുന്നതിനാണ് സര്‍വ്വേ റിപ്പോര്‍ട്ട് നിര്‍ദ്ദേശിച്ചിരിക്കുന്നത്. 7 മീറ്റര്‍ വീതിയില്‍ ടാര്‍ ചെയ്തു റോഡ് പുനര്‍ നിര്‍മ്മിക്കും. ഇരു വശങ്ങളിലും കാന നിര്‍മ്മിച്ചു റോഡിന് ദീര്‍ഘകാല സുരക്ഷിതത്വം നല്‍കും. റോഡിന് കുറുകെ കനാല്‍ പാലം ജംഗ്ഷന്‍, പറമ്പിപീടിക എന്നീ ഭാഗങ്ങളില്‍ വരുന്ന പെരിയാര്‍ വാലിയുടെ രണ്ട് പാലങ്ങള്‍ പൊളിച്ചു നീക്കി പുതിയത് നിര്‍മ്മിക്കും. പാലത്തിന് 7.5 വീതിയും ഇതോടൊപ്പം ഇരു വശങ്ങളിലും നടപ്പാതയും ഉണ്ടാകും. കയറ്റങ്ങളും താഴ്ചകളും പരമാവധി ഒഴിവാക്കി റോഡ് ഒരേ നിരപ്പിലാക്കും.
ദുര്‍ബലാവസ്ഥയിലായ കലുങ്കുകള്‍ പൊളിച്ചു മാറ്റി പുതിയവ നിര്‍മ്മിക്കും. വെള്ളക്കെട്ട് ഉള്ള ഭാഗങ്ങളിലും ചെറിയ കലുങ്കുകള്‍ പൊളിച്ചു വലിയ കലുങ്കുകള്‍ പണിയും. ഏറ്റവും ആധുനികമായ ബി.എം ബി.സി നിലവരത്തിലാണ് റോഡ് ടാര്‍ ചെയ്യുന്നത്. അപകടങ്ങള്‍ ഒഴിവാക്കുന്നതിനായി വളവുകള്‍ പരമാവധി നിവര്‍ത്തുന്നതിനും സര്‍വ്വേ റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു. 3 മാസങ്ങള്‍ കൊണ്ട് എസ്റ്റീം ഡെവലപ്പേഴ്സ് ആണ് സര്‍വ്വേ നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 9.90 ലക്ഷം രൂപയാണ് സര്‍വ്വേ നടപടികള്‍ക്ക് അനുവദിച്ചിരുന്നത്.
2018 ല്‍ പദ്ധതിയുടെ സര്‍വ്വേ നടപടികള്‍ പൂര്‍ത്തീകരിച്ചു പൊതുമരാമത്ത് വകുപ്പ് രൂപരേഖ വിഭാഗത്തിന് സമര്‍പ്പിച്ചിരുന്നുവെങ്കിലും പരിശോധനക്ക് ശേഷം റിപ്പോര്‍ട്ട് അപൂര്‍ണ്ണമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വിശദമായ പദ്ധതി രേഖ പൂര്‍ത്തികരിക്കുവാന്‍ സാധിച്ചിരുന്നില്ല. 8.07 രൂപയാണ് അന്ന് സര്‍വ്വേ നടത്തുന്നതിനായി അനുവദിച്ചിരുന്നത്. ഈ റോഡിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങളുടെ എണ്ണത്തിനനുസരിച്ചു റോഡിന് ആവശ്യമായ വീതി ഇല്ലെന്ന് കണ്ടെത്തിയിരുന്നു.
റോഡിന്റെ ഇരു വശങ്ങളിലുമായി 20 മീറ്റര്‍ വീതിയിലാണ് ടോട്ടല്‍ സ്റ്റേഷന്‍ സര്‍വ്വേ നടത്തിയത്. റോഡില്‍ വരുന്ന കലുങ്കുകള്‍, പാലങ്ങള്‍ എന്നിവ ഉള്‍പ്പെടെ റോഡിന്റെ ഇരു വശങ്ങളിലുമായി 40 മീറ്റര്‍ വീതിയിലുള്ള വിവരങ്ങളാണ് ടോട്ടല്‍ സ്റ്റേഷന്‍ സര്‍വ്വേയിലൂടെ ശേഖരിച്ചത്. ഓരോ കിലോമീറ്റര്‍ ദൂരത്തിലുമുള്ള മണ്ണ് സാമ്പിള്‍ റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായി പരിശോധിച്ചു. നിലവിലുള്ള മണ്ണിന്റെ ഉറപ്പ് പരിശോധിച്ചു സി.ബി.ആര്‍ കണ്ടുപിടിക്കുന്നതിനാണ് ഇത്.
സര്‍വ്വേ റിപ്പോര്‍ട്ട് തയ്യാറാക്കി പൊതുമരാമത്ത് രൂപരേഖ വിഭാഗത്തിന് സമര്‍പ്പിക്കുമെന്ന് എല്‍ദോസ് കുന്നപ്പിള്ളി പറഞ്ഞു. തുടര്‍ന്ന് പദ്ധതിയുടെ വിശദമായ രേഖ തയ്യാറാക്കി കിഫ്ബിയില്‍ സമര്‍പ്പിച്ചു അനുമതി ലഭ്യമാക്കും. കലുങ്കുകളും കാനയും നിര്‍മ്മിച്ചു വെള്ളക്കെട്ട് പൂര്‍ണ്ണമായും ഒഴിവാക്കി റോഡ് കൂടുതല്‍ കാലം നിലനില്‍ക്കുന്നതിനുള്ള പദ്ധതിയാണ് തയ്യാറാക്കിയത്. നിലവിലുള്ള ടാറിംഗ് നീക്കം ചെയ്തു ഏറ്റവും ആധുനികമായ രീതിയില്‍ റോഡ് പുനര്‍ നിര്‍മ്മിക്കും. ദിശ ബോര്‍ഡുകളും യാത്രികര്‍ക്ക് സഹായകരമാകുന്ന റിഫ്‌ളക്റ്ററുകളും സ്ഥാപിക്കും. എത്രയും വേഗത്തില്‍ തന്നെ വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിക്കുമെന്ന് എംഎല്‍എ പറഞ്ഞു.