പട്ടികജാതി വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പാലക്കാട് മെഡിക്കല്‍ കോളേജിന്റെ ഭൂമി പാലക്കാട് നഗരസഭക്ക് കക്കൂസ് മാലിന്യ സംസ്‌കരണപ്ലാന്റ് സ്ഥാപിക്കാന്‍ വിട്ടു നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. മെഡിക്കല്‍ കോളേജിന്റെ ആവശ്യത്തിനല്ലാതെ ഭൂമി ഉപയോഗിക്കരുതെന്ന വ്യവസ്ഥ മറികടന്നാണ് മന്ത്രിസഭ തീരുമാനം. ഇത് സംബന്ധിച്ച എസ്.സി – എസ്.ടി കമ്മീഷന്റെ റിപ്പോര്‍ട്ടും സര്‍ക്കാര്‍ അവഗണിച്ചു.
ദിനം പ്രതി 100 കിലോലിറ്റര്‍ മനുഷ്യ വിസര്‍ജ്യം സംസ്‌ക്കരിക്കുന്ന പ്ലാന്റ് തുടങ്ങനാണ് പാലക്കാട് നഗരസഭയുടെ തീരുമാനിച്ചത്. ഇതിന് വേണ്ടി സ്ഥലം കണ്ടെത്താന്‍ ശ്രമിച്ചെങ്കിലും ജനവാസ മേഖലയില്‍ നിന്ന് എതിര്‍പ്പുയര്‍ന്നു. ഒടുവില്‍ പട്ടികജാതി വകുപ്പിന് കീഴിലുള്ള മെഡിക്കല്‍ കോളേജിന്റെ 70 സെന്റ് ഭൂമി വിട്ടു നല്‍കാന്‍ മന്ത്രിസഭ തീരുമാനിക്കുകയായിരുന്നു.
സെപ്‌റ്റേജ് ട്രീറ്റ്‌മെന്റ് പാന്റിന് നൂറു മീറ്റര്‍ ചുറ്റളവില്‍ മറ്റ് സ്ഥാപനങ്ങള്‍ പാടില്ലെന്നിരിക്കെയാണ് കോളജിന്റെ അമ്പതേക്കര്‍ സ്ഥലത്ത് മനുഷ്യവിസര്‍ജ സംസ്‌കരണ പ്ലാന്റിന് സ്ഥലം അനുവദിച്ചത്. രാജ്യത്ത് പട്ടികജാതി വകുപ്പിന് കീഴിലെ ഏക മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനത്തെ പോലും ബാധിക്കുമെന്ന് പട്ടികജാതി / പട്ടിക വര്‍ഗ്ഗ കമ്മീഷന്‍ കഴിഞ്ഞ വര്‍ഷം സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
റവന്യൂ വകുപ്പ് എസ്.സി വകുപ്പിന് ഭൂമി കൈമാറുമ്പോള്‍ മെഡിക്കല്‍ കോളേജ് ആവശ്യത്തിനല്ലാതെ ഭൂമി ഉപയോഗിക്കരുതെന്ന് കരാര്‍ ഉണ്ടാക്കിയിരുന്നു. ഇത് മറി കടന്നാന്ന് ബി.ജെ.പി ഭരിക്കുന്ന നഗരസഭക്ക് വേണ്ടി സര്‍ക്കാര്‍ തീരുമാനം. നഴ്‌സിങ്ങ് കോളേജ്, ഡന്റ്റല്‍ കോളേജ്, ഫാര്‍മസി കോളേജ് എന്നിവ നിര്‍മ്മിക്കുന്നതിന് ആവശ്യമായ ഭൂമി ഇനിയും കണ്ടെത്തണമെന്നിരിക്കെയാണ് നിലവിലുള്ള ഭൂമി കക്കൂസ് മാലിന്യ പ്ലാന്റിനാകി കൈമാറുന്നത്.