പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ പുത്തന്‍ കുരിശ് റോഡിന്റെ പുനര്‍ നിര്‍മ്മാണം ആരംഭിച്ചതായി എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ അറിയിച്ചു. മാര്‍ബിള്‍ ജംഗ്ഷന്‍ മുതല്‍ വെങ്ങോല കവല വരെയുള്ള ഭാഗമാണ് പുനര്‍ നിര്‍മ്മിക്കേണ്ടത്. പദ്ധതിക്കായി 1.20 കോടി രൂപ അനുവദിച്ചിട്ടുണ്ട്. പമ്പ് ജംഗ്ഷനിലുള്ള കാലപ്പഴക്കം ചെന്ന കലുങ്ക് പൊളിച്ചു നീക്കി പുതിയത് നിര്‍മ്മിക്കുന്ന പ്രവൃത്തിയാണ് ആദ്യം തുടങ്ങിയത്. ഇതോടൊപ്പം 80 മീറ്റര്‍ നീളത്തില്‍ കാന നിര്‍മ്മിക്കും.
ഇതിനൊപ്പം 1.400 ദൂരത്തില്‍ ബി.എം ആന്‍ഡ് ബി.സി നിലവാരത്തില്‍ നവീകരിക്കുന്നതാണ് പദ്ധതി. എന്നാല്‍ തുക അനുവദിച്ചു ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചു കഴിഞ്ഞപ്പോള്‍ തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. അതിനാല്‍ മറ്റു നടപടിക്രമങ്ങള്‍ പൂര്‍ത്തികരിക്കുവാന്‍ സാധിച്ചില്ലറോഡ് നിര്‍മാണം വൈകിയതെന്ന് എം.എല്‍.എ പറഞ്ഞു.
പെരുമ്പാവൂര്‍ ടൗണ്‍ മുതല്‍ മണ്ഡല അതിര്‍ത്തിയായ അറക്കപ്പടി വരെയുള്ള പെരുമ്പാവൂര്‍ പുത്തന്‍ കുരിശ് റോഡ് രണ്ട് ഘട്ടമായി 4.60 കോടി രൂപ ചെലവിട്ട് ബി.എം ആന്‍ഡ് ബി.സി നിലവാരത്തില്‍ നവീകരിച്ചിരുന്നു. അന്ന് അനുവദിച്ച തുക അപര്യാപ്തമായതിനെ തുടര്‍ന്ന് മാര്‍ബിള്‍ ജംഗ്ഷന്‍ മുതല്‍ വെങ്ങോല കവല വരെയുള്ള 1.400 കിലോമീറ്റര്‍ ദൂരം ടാര്‍ ചെയ്തില്ല. തുടര്‍ന്ന് മന്ത്രി ജി. സുധാകരനുമായി എല്‍ദോസ് കുന്നപ്പിള്ളി സംസാരിച്ചതിനെ തുടര്‍ന്നാണ് പദ്ധതിക്കായി 1.20 കോടി രൂപ കൂടി അനുവദിച്ചത്. ഇതോടെ 5.80 കോടി രൂപയുടെ വികസനമാണ് പെരുമ്പാവൂര്‍ പുത്തന്‍കുരിശ് റോഡില്‍ നടപ്പിലാക്കുന്നത്.